കൊച്ചി: കൊവിഡ് സ്വയം പരിശോധിക്കാനുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് വിപണിയിൽ സുലഭമായതോടെ ഇത്തരത്തിൽ പരിശോധന വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ആധികാരികത ഉറപ്പായിട്ടില്ല. നിരവധി പേരാണ് ആന്റിജൻ ടെസ്റ്റ് കിറ്റ് അന്വേഷിച്ച് മെഡിക്കൽ സ്റ്റോറുകളിലെത്തുന്നത്. ജില്ലയിൽ കിറ്റ് ലഭിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ കുറവായതിനാൽ ഓൺലൈനിൽ നിന്ന് നേരിട്ട് വാങ്ങുകയാണ് പലരും.
ഇത്തരം പരിശോധനയുടെ കണക്കുകൾ മെഡിക്കൽ സ്റ്റോർ അധികൃതരോ ടെസ്റ്റ് ചെയ്ത് പോസിറ്റീവായവരോ അധികൃതരെ അറിയിക്കുന്നില്ല. ജില്ലയിൽ കൊവിഡ് വർദ്ധിച്ചിട്ടുണ്ട്. ആന്റിജൻ പരിശോധന സ്വകാര്യ ലാബുകൾ അടക്കം നിറുത്തിവച്ചിരിക്കുകയാണ്. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മാത്രമാണ് നിലവിൽ ആധികാരികതയുള്ളത്. സർക്കാർ ആശുപത്രിയും ആന്റിജൻ പരിശോധന നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ്. സ്രവങ്ങൾ ഉപയോഗിച്ചുതന്നെയാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് പരിശോധനയും നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന കൃത്യമായി നടത്തിയില്ലെങ്കിൽ ഫലം വിപരീതമാകും. സ്വയംപരിശോധിച്ച ഫലം നെഗറ്റീവ് ആകുകയും രോഗ ലക്ഷണങ്ങൾ നിലനിൽക്കുകയും ചെയ്താൽ അപകടമാണ്. ആർ.ടി.പി.സി.ആർ പരിശോധനയുടെ അത്രയും ആധികാരികത ഇല്ലാത്തതിനാൽ തെറ്റായ പോസറ്റീവ് ഫലവും നെഗറ്റീവ് ഫലവും ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. നെഗറ്റീവാണെന്ന് കരുതി പുറത്തിറങ്ങി നടന്നാൽ കൂടുതൽ പേരിലേക്ക് വീണ്ടും രോഗം വ്യാപിക്കും. കൊവിഡിന് കാരണമാകുന്ന വൈറസിന്റെ അംശം കുറവാണെങ്കിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവാകും കാണിക്കുക. ഈ വ്യക്തിയ്ക്ക് രണ്ട് ദിവസം കഴിഞ്ഞാകും പൂർണമായും രോഗലക്ഷണങ്ങൾ കണ്ടെത്തുന്നത്.
പതിനഞ്ച് മിനിറ്റിനുള്ളിൽ ഫലം അറിയാമെങ്കിലും പോസിറ്റീവായാലും നെഗറ്റീവായാലും ആർ.ടി.പി.സി.ആർ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വിപണി വില. ഓൺലൈനിൽ 199 രൂപയ്ക്ക് ടെസ്റ്റ് കിറ്റ് ലഭ്യമാണ്. അതുകൊണ്ടുതന്നെ കൂടുതലാളുകളും ഓൺലൈൻ വഴി ടെസ്റ്റ് കിറ്റിന് ഓർഡർ കൊടുത്തിരിക്കുകയാണ്. ലക്ഷണങ്ങളുള്ളവർ ആശുപത്രിയിലോ ലാബുകളിലോ പരിശോധിക്കാതെ മെഡിക്കൽ സ്റ്റോറിലെത്തി കിറ്റുകൾ വാങ്ങുകയാണ്. മരുന്ന് കമ്ബനികൾ എൺപത് രൂപയ്ക്കാണ് കിറ്റുകൾ വിൽക്കുന്നതെന്ന് പറയുന്നു. മെഡിക്കൽ ഷോപ്പ് ഉടമകളുടെ തീരുമാനപ്രകാരമാണ് 250 രൂപയ്ക്ക് വിൽക്കുന്നത്.