മലങ്കരസഭ ഗുരു രത്നം എന്നറിയപ്പെടുന്ന ഫാ. ഡോ. ടി.ജെ ജോഷ്വാ അന്തരിച്ചു. സർവമതങ്ങളാലും ആദരിക്കപ്പെടുന്ന സമാനതകളില്ലാത്ത ആചാര്യ ശ്രേഷ്ഠനായിരുന്നു അദ്ദേഹം. 95 വയസായിരുന്നു. കുറിച്ചി മന്ദിരം കവലയ്ക്കു സമീപമുള്ള വീട്ടിലായിരുന്നു താമസം. പത്തനംതിട്ട കോന്നി തെക്കിനേത്ത് ജോണിന്റെയും റേച്ചലിന്റെയും മകനായി 1929 ഫെബ്രുവരി 13ന് ജനനം. കോന്നിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റ് പഠനം, ആലുവ യുസി കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബിഎ, കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്ന് ബിഡി, അമേരിക്കയിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എസ്ടിഎം ബിരുദം, ജറുസലമിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണപഠനവും നടത്തിയിട്ടുണ്ട്.
1956 ലാണ് വൈദികനായത്. 1954 മുതൽ 2017 വരെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകൻ ആയിരുന്നു. കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരു കൂടിയാണ്. 64 വർഷമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി വരുന്നിരുന്നു. 65 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു. മലയാള മനോരമയിലെ ഇന്നത്തെ ചിന്താവിഷയം എന്ന പംക്തിയും പതിറ്റാണ്ടുകൾ അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. ആരോഗ്യവകുപ്പിൽ ഡയറക്ടർ ആയിരുന്ന ഭാര്യ മറിയാമ്മ 2007ൽ വാഹന അപകടത്തിൽ മരിച്ചു. മക്കൾ:- അമേരിക്കയിൽ പ്രഫസറായ ഡോ. റോയി, ഗൈനക്കോളജിസ്‌റ്റ് ഡോ. രേണു.