കോട്ടയം: ഉഴവൂർ വിജയൻ അനുസ്മരണത്തിന് എത്തിയ മന്ത്രി എ.കെ ശശീന്ദ്രൻ ഓപ്പറേഷൻ കുബേരയിൽ കുടുങ്ങിയ കളങ്കിത വ്യക്തിയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനെച്ചൊല്ലി വിവാദം. കോൺഗ്രസ് നേതാവ് വി.എം സുധീരൻ വിവാദത്തെ തുടർന്ന് വിരുന്നിൽ നിന്ന് വിട്ടു നിന്നപ്പോൾ, മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രി വിരുന്നിൽ പങ്കെടുത്തതാണ് വിവാദമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ഉഴവൂർ വിജയൻ അനുസ്മരണത്തിന് ശേഷമായിരുന്നു സംഭവങ്ങൾ. കോട്ടയത്ത് എത്തിയ മന്ത്രി എൻ.സി.പി നേതാവായ കഞ്ഞിക്കുഴിയിലെ വിവാദ ഇടപാടുകാരന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്. ഇദ്ദേഹത്തിന് മുൻപ് അനധികൃത പണമിടപാട് ഉണ്ടായിരുന്നു. ഇതു സംബന്ധിച്ചു രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇദ്ദേഹം പിന്നീട് എൻ.സി.പിയിൽ ചേർന്ന് പ്രവർത്തിക്കുകയും ജില്ലാ ഭാരവാഹിത്വത്തിൽ എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ ഉഴവൂർ വിജയൻ അനുസ്മരണത്തിന് ശേഷമുള്ള ഭക്ഷണം ക്രമീകരിച്ചത്. ഇദ്ദേഹത്തിന്റെ മുൻകാല ഇടപാടുകൾ സംബന്ധിച്ചു കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകിയതോടെ വി.എം സുധീരൻ ഇയാളുടെ വീട്ടിലെ വിരുന്ന് ഒഴിവാക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ബ്ലേഡ് ഇടപാടുകാരനായ ഇയാളുടെ വീട്ടിൽ മന്ത്രിയെ എത്തിച്ച ജില്ലാ നേതൃത്വം മന്ത്രിയെ കുടുക്കിൽപ്പെടുത്തുകയായിരുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.