കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വ്വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്യാമ്പയിനോടനുബന്ധിച്ച് കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച റോള്‍ പ്ലേയും നടത്തപ്പെട്ടു. മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന് കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ജിന്‍സി മോള്‍ ജോര്‍ജ്ജ് നേതൃത്വം നല്‍കി. സ്വാശ്രയസംഘ പ്രതിനിധികളിലൂടെ മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോഗ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുത്ത് കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിനില്‍ കെ.എസ്.എസ്.എസ് സ്വാശ്രയസന്നദ്ധ പ്രതിനിധികള്‍ പങ്കെടുത്തു.