കോട്ടയം: പെരുമ്പാവൂരിൽ നിന്നുളള ആശുപത്രി മാലിന്യങ്ങൾ ആർപ്പൂക്കരയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തള്ളി. 12 ദിവസം മുൻപ് തള്ളിയ മാലിന്യങ്ങൾ പഞ്ചായത്ത് നോട്ടീസ് നൽകിയതിന് പിന്നാലെ കുഴിച്ച് മൂടാൻ നീക്കവുമായി സ്വകാര്യ വ്യക്തി. നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മാലിന്യം കുഴിച്ച് മൂടാൻ എത്തിയ ജെസിബിയുമായി സംഘം സ്ഥലം വിട്ടു. ആർപ്പൂക്കര വില്ലൂന്നി കാട്ടൂപ്പാറ ഭാഗത്ത് ഇടച്ചേത്ര ഷാജിയുടെ പുരയിടത്തിലാണ് 12 ദിവസം മുൻപ് പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്നുള്ള 300 ചാക്ക് മാലിന്യം തള്ളിയത്. മൂന്ന് ടിപ്പർ ലോറികളിലായി രാത്രിയുടെ മറവിലാണ് സാധരണക്കാരായ ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ആശുപത്രി മാലിന്യങ്ങൾ എത്തിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് പ്രദേശവാസികൾ ഇത്തരത്തിൽ മാലിന്യം എത്തിച്ച വിവരം അറിഞ്ഞത്.
തുടർന്ന്, ഇവർ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ഇതോടെ സ്ഥലത്ത് എത്തിയ പഞ്ചായത്ത് അധികൃതർ മാലിന്യം തരം തിരിച്ച് പ്ലാസ്റ്റിക്ക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും ബാക്കിയുള്ളവ കൃത്യമായി സംസ്കരിക്കണമെന്നും നിർദേശം നൽകി. എന്നാൽ, ഈ നോട്ടീസ് ലഭിച്ചെങ്കിലും പഞ്ചായത്തംഗത്തിന്റെ ഒത്താശയോടെ സ്ഥലം ഉടമ മാലിന്യങ്ങൾ കുഴിച്ചിടാൻ നീക്കം നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇന്ന് രാവിലെ ജെസിബിയുമായി എത്തിയ സംഘം മാലിന്യം കുഴിച്ചിടാൻ ശ്രമിച്ചു. ഇതോടെ നാട്ടുകാർ ചേർന്ന് ഇത് തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയിയായി. വിവരം അറിഞ്ഞ് ഗാന്ധിനഗർ പൊലീസും സ്ഥലത്ത് എത്തി. തുടർന്ന് അശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാട് എടുത്തു. ഇതോടെ ജെസിബിയുമായി ഡ്രൈവർ മടങ്ങി. ഇതോടെയാണ് പ്രദേശത്തെ സംഘർഷത്തിന് അയവുണ്ടായത്. ആശുപത്രി മാലിന്യങ്ങൾ ജനവാസ കേന്ദ്രത്തിൽ തള്ളിയതിന് എതിരെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ആശുപത്രി മാലിന്യങ്ങൾ ഇവിടെ തള്ളിയിട്ടില്ലെന്നാണ് ഉടമയുടെ നിലപാട്. ആക്രിക്കടകളിലെ മാലിന്യങ്ങളാണ് ഇവിടെ തള്ളിയത് എന്ന് ഉടമ പറയുന്നു. ഇതിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറാൻ ഇരിക്കുകയായിരുന്നു. ബാക്കിയുള്ള മാലിന്യങ്ങൾ പഞ്ചായത്ത് നിർദേശം അനുസരിച്ച് ഇവിടെ തന്നെ കുഴിച്ചിടാനാണ് തീരുമാനിച്ചിരുന്നതെന്നും ഉടമ പറയുന്നു.