മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പാനൽ കോടതിയിലേയ്ക്ക്; നിയോജക മണ്ഡലം കമ്മിറ്റിയുടെ പാനലിനെ യുഡിഎഫ് എന്ന് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി കോടതി; തിരഞ്ഞെടുപ്പിൽ വീണ്ടും നാടകീയ രംഗങ്ങൾ

ചങ്ങനാശേരി : മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ളിലെ പോര് കോടതിയിലേയ്ക്ക്. നാടകീയ രംഗങ്ങൾക്ക് ഒടുവിൽ ഒരു വിഭാഗം കോടതിയെ സമീപിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ഇതോടെ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വം നൽകുന്ന പാനലിനെ യുഡിഎഫ് എന്ന് ഉപയോഗിക്കുന്നതിൽ നിന്നും കോടതി വിലക്കി. മാടപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ യുഡിഎഫ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റി പിന്തുണ നൽകുന്ന പാനലിനു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്നു വിലക്കി ചങ്ങനാശേരി മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്. മാടപ്പള്ളി പഞ്ചായത്തിലെ കോൺഗ്രസ് അംഗം ജിൻസൺ മാത്യു സമർപ്പിച്ച ഹർജിയിലാണ് കോടതിയിലൂടെ ഉത്തരവ്. കേസ് തുടർന്ന് പരിഗണിക്കുന്ന 14 വരെ ഈ സ്ഥിതി തുടരണം. ബാബു കുരീത്ര നയിക്കുന്ന പാനലിനാണു യൂഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി പിന്തുണ നൽകുന്നത്.

Advertisements

ഈ പാനലിന് എതിരെ ജിൻസൺ മാത്യു നയിക്കുന്ന പാനലും മത്സര രംഗത്തുണ്ട് ഇരു വിഭാഗവും തങ്ങളുടെയാണ് യുഡിഎഫ് ഔദ്യോഗിക പക്ഷമെന്ന വാദം ഉയർത്തുന്നു. കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് മാടപ്പള്ളിയിൽ യൂഡിഎഫിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് മാടപ്പള്ളി ഉൾപ്പെടെ ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ മൂന്ന് മണ്ഡലം പ്രസിഡന്റുമാരെ കെപിസിസി മാറ്റിയിരുന്നു. മാടപ്പള്ളിയിൽ ബാബു കുരീതയ്ക്കു പകരം ജിൻസൺ മാത്യുവിനെ മണ്ഡലം പ്രസിഡന്റാക്കി. മാറ്റം തിരഞ്ഞെടുപ്പിന് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രംഗത്ത് വന്നിരുന്നു തുടർന്ന് ബാബു കുരിത ഉൾപ്പടെ മൂന്നു പേരെയും തിരികെ മണ്ഡലം പ്രസിഡന്റാക്കി നിയമിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ കെപിസിസി ഔദ്യോഗിക രേഖ പ്രകാരം താനാണു മണ്ഡലം പ്രസിഡന്റെന്നു വാദിച്ച് ജിൻസണും രംഗത്തെത്തി ഇരുവിഭാഗം തമ്മിൽ തർക്കം രൂക്ഷമായി തുടരുകയാണ്. വയനാട് നടന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിലും ഈ വിഷയം ചർച്ചയ്ക്കു വന്നിരുന്നു. സഹകരണബാങ്ക് തിരഞ്ഞെടുപ്പിലെ യുഡിഎഫിനുള്ളിലെ പ്രതിസന്ധി പരിഹരിക്കാൻ കെപിസിസി രണ്ടംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു പത്രിക പിൻവലിക്കേണ്ട തീയതിക്കുള്ളിൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനായിരുന്നു ശ്രമമെങ്കിലും ഇരുകൂട്ടരും വഴങ്ങിയില്ല. ഇതിനിടയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജിൻസന്റെ പാനലിലെ ആറു പേർക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകിയതും തർക്കം രൂക്ഷമാക്കി. നിലവിൽ അന്വേഷണ റിപ്പോർട്ട് പുറത്ത് വരും വരെ ആർക്കെതിരയും നടപടിയെടുക്കാൻ പാടില്ലെന്നാണു കെപിസിസി നിർദേശമെന്ന് ജിൻസൻ പക്ഷം പറയുന്നു. ഇതിനെ മറികടന്നാണ് ബ്ലോക്ക് കമ്മിറ്റി ഇടപെട്ടതെന്നും ഇവർ ആരോപിച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയവും പോരിന് കാരണമാണ്. ഈ ഗ്രൂപ്പ് പോരു വഴിയാണു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മാടപ്പള്ളി പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായത്. ഇതിന്റെ തുടർച്ചയാണ് 75 വർഷമായി യുഡിഎഫ് ഭരണത്തിലുള്ള മാടപ്പള്ളി സഹകരണ ബാങ്കിലും നടക്കുന്ന പോര്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.