കോട്ടയം : പന്നിമറ്റത്തെ കേളമംഗലം ഗ്രൂപ്പ് സ്ഥാപനങ്ങൾ പൊട്ടിയതിന് പിന്നാലെ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. 150 പേരിൽ നിന്നായി 60 കോടി രൂപയോളം തട്ടിയെടുത്ത കേളമംഗലം ഗ്രൂപ്പ് തട്ടിപ്പിന് സഹകരണ സ്ഥാപനങ്ങളെയും ബാങ്കുകളെയും മറയാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. സഹകരണ ബാങ്കുകളിൽ നിന്നും വായ്പാ തിരിച്ചടവ് മുടങ്ങുന്ന താനങ്ങളും സ്വർണ്ണ ഉൾപ്പടികളും ഉടമകളിൽ നിന്നും പവർ ഓഫ് അറ്റോണി എഴുതി വാങ്ങി മറ്റു ബാങ്കുകളിൽ പണയം വെച്ച് തട്ടിപ്പ് നടത്തിയതായുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം ചിങ്ങവനം പനച്ചിക്കാട് ചാന്നാനിക്കാട് മേഖലകളിലുള്ള നിരവധി കുടുംബങ്ങളെയാണ് സമാന രീതിയിൽ ഇവർ തട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഇവർ നടത്തിയ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും എന്ന സൂചനയാണ് ലഭിക്കുന്നത്.
കേളമംഗലം ഗ്രൂപ്പിൻറെ സ്ഥാപകൻ സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന ആളും കോട്ടയം അർബൻ ബാങ്കിലെ മുൻജീവനക്കാരനും ആയിരുന്നു. അർബൻ ബാങ്കിൽ നിന്നും ജോലി വിരമിച്ച ശേഷമാണ് ഇദ്ദേഹം സ്വന്തമായി ധനകാര്യ സ്ഥാപനം ആരംഭിച്ചത്. അർബൻ ബാങ്കിൽ നിന്നും പനച്ചിക്കാട് സർവീസ് സഹകരണ ബാങ്കിൽ നിന്നും അടക്കം വായ്പ കുടിശ്ശിക വരുന്ന സ്ഥലങ്ങളും സ്വർണ്ണ ഉരുപ്പടികളും കണ്ടെത്തിയശേഷം , വായ്പ അടച്ചുതീർക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്തു സ്ഥലം ഉടമകളെ സമീപിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഇത്തരത്തിൽ സ്ഥലം ഉടമകളെ സമീപിച്ച് സ്ഥലത്തിൻറെ പവർ ഓഫ് അറ്റോണി എഴുതി വാങ്ങിയിരുന്ന സംഘം ഈ സ്ഥലം മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി വൻ തുകയാണ് സ്വന്തമാക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേളമംഗലം ഗ്രൂപ്പ് പൊട്ടിയതായി വ്യക്തമായതോടെ ഇത്തരത്തിൽ സ്ഥലം പണയപ്പെടുത്തിയവർ വെട്ടിലായിരിക്കുകയാണ്. ഈ സ്ഥലം ഇനി എങ്ങിനെ ഇവർ സ്വന്തമാക്കും എന്ന ആശങ്കയാണ് ഉയരുന്നത്. കോട്ടയം അർബൻ ബാങ്ക് , ജില്ലാ ബാങ്ക് , പനച്ചിക്കാട് സർവീസ് സഹകരണ ബാങ്ക് എന്നീ ബാങ്കുകളെ എല്ലാം ഇത്തരത്തിൽ വായ്പാ തട്ടിപ്പിന് ഈ സംഘം ആക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. വലിയ തുകയാണ് ഈ ഇനത്തിൽ മാത്രം സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട ഇവർ തട്ടിയെടുത്തിരിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്.