കോട്ടയം : നഗരസഭയിലെ മൂന്ന് കോടിയുടെ പെൻഷൻ തട്ടിപ്പുകാരൻ അഖിൽ കഴിഞ്ഞ മാസവും കോട്ടയം നഗരസഭയിൽ എത്തി പെൻഷൻ ബിൽ തയ്യാറാക്കിയതായി റിപ്പോർട്ട്. കോട്ടയം നഗരസഭയിലെ ക്ലർക്കായിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി വർഗീസിനെതിരെ നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. തട്ടിപ്പിന്റെ വിവരങ്ങൾ അന്വേഷിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ആഭ്യന്തര വിജിലൻസ് സംഘം ഇന്ന് കോട്ടയം നഗരസഭയിൽ പരിശോധന നടത്തി. തട്ടിപ്പ് ഉറപ്പാക്കുന്നതിനു മുൻപ് കഴിഞ്ഞ മാസവും കോട്ടയം നഗരസഭയിൽ പെൻഷൻ ബിൽ തയ്യാറാക്കാൻ എത്തിയത് അഖിൽ തന്നെയാണെന്ന് വിവരം ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ചു. വൈക്കം നഗരസഭയിൽ ജോലി ചെയ്തിരുന്ന അഖിൽ കോട്ടയം നഗരസഭയിലെ ഇതേ വിഭാഗത്തിൽ ജോലിചെയ്യുന്ന ക്ലർക്കിനെ സഹായിക്കാൻ എന്ന വ്യാജേനയാണ് ഇവിടെ എത്തിച്ചേർന്നിരുന്നത്. ഈ വിഭാഗത്തിലെ ക്ലർക്കായ യുവതിയെ സഹായിക്കുന്നു എന്ന വ്യാജേനെ അഖിൽ കഴിഞ്ഞ മാസവും പണം വക മാറ്റിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
പെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക കോട്ടയം നഗരസഭയിൽ എക്സൽ ഷീറ്റിലാണ് തയ്യാറാക്കിയിരുന്നത്. ഈ എക്സൽ ഷീറ്റിൽ ക്രമ വിരുദ്ധമായി പേരുകളും തുകയും എഴുതി ചേർത്താണ് അഖിൽ ക്രമക്കേട് നടത്തിയിരുന്നത്. എക്സൽ ഷീറ്റിൽ ആകെയുള്ള പെൻഷൻകാരുടെ നമ്പരിലും ആകെയുള്ള പുകയിലുമാണ് അഖിൽ ക്രമക്കേട് നടത്തിയിരുന്നത്. സ്വന്തം അമ്മയുടെ പെൻഷൻ ഇനത്തിലും , ഫാമിലി പെൻഷൻ ഇനത്തിലും വലിയൊരു തുക ഇയാൾ മാസംതോറും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുൻപ് കൊല്ലം നഗരസഭയിൽ ജോലി ചെയ്യുന്നതിനിടെ 40 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അയാൾ തിരികെ സർവീസിൽ കയറുകയായിരുന്നു. നേരത്തെ ഈരാറ്റുപേട്ട നഗരസഭയിൽ ജോലി ചെയ്യുന്ന സമയത്തും ഇയാൾക്കെതിരെ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിൽ അടക്കം സംരക്ഷണം ലഭിച്ചതോടെയാണ് കോട്ടയത്ത് 3 കോടി രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.