കൊച്ചി, 10-08-2024: ഇന്ത്യയിലെ കരൾരോഗചികിത്സാരംഗം ശരിയായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അമേരിക്കയിലെ മിനസോട്ടയിലുള്ള മേയോ ക്ലിനിക്കിലെ ഡോ. പാട്രിക് എസ്. കാമത്ത്. ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള കരൾരോഗ നിർണ്ണയവും ചികിത്സയുമാണ് ഇന്ത്യയിലെ ഡോക്ടർമാർ പിന്തുടരുന്നത്. മാർഗം കൃത്യമാണെങ്കിലും ഇനിയുമേറെ പുരോഗതി കൈവരിക്കാനുണ്ടെന്നും വരുംവർഷങ്ങളിൽ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവറിന്റെ കൊച്ചിയിൽ നടക്കുന്ന മുപ്പത്തിരണ്ടാമത് വാർഷിക ശാസ്ത്രസമ്മേളനത്തിന്റെ (INASL-2024) ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരൾ രോഗം നിശബ്ദമായ ഒരു വില്ലനാണെന്നും തുടക്കത്തിൽ വർഷങ്ങളോളം ലക്ഷണങ്ങളൊന്നും പുറമെ കാണിക്കില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി. വർഷങ്ങളോളം തുടർച്ചയായി കരളിന് ക്ഷതമേൽക്കുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. സിറോസിസ് എന്ന ഘട്ടത്തിലെത്തിക്കഴിഞ്ഞാൽ സ്വയം ഭേദമാകാനുള്ള കരളിന്റെ ശേഷി നഷ്ടമാകും. കരൾ മാറ്റിവെക്കാൻ രോഗി നിർബന്ധിതമാകുകയും ചെയ്യും. ഇതൊഴിവാക്കാൻ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഡോ. കാമത്ത് മുന്നോട്ട് വെയ്ക്കുന്നത് – ഒന്ന്, ശരീരഭാരം കുറയ്ക്കണം. രണ്ട്, മദ്യപാനം പൂർണമായും നിർത്തണം. കരളിനെ ബാധിക്കുന്ന വൈറൽ രോഗങ്ങൾക്ക് കൃത്യമായ ചികിത്സയും നിയന്ത്രണവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുത കരൾ രോഗം ബാധിച്ചവരുടെ അതിജീവനസാധ്യത വിലയിരുത്തുന്നതിനായി പ്രത്യേക ഫോർമുല കണ്ടുപിടിച്ചത് ഡോ. പാട്രിക് കാമത്ത് ആണ്. മെൽഡ് സ്കോർ അഥവാ മോഡൽ ഫോർ എൻഡ് സ്റ്റേജ് ലിവർ ഡിസീസ് എന്നറിയപ്പെടുന്ന ഈ മാതൃകയെ അടുസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഇപ്പോൾ ലോകമെമ്പാടും ഉപയോഗിക്കുന്നത്.
ഓഗസ്റ്റ് 7 മുതൽ 10 വരെയാണ് ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവറിന്റെ മുപ്പത്തിരണ്ടാം വാർഷിക ശാസ്ത്രസമ്മേളനം കൊച്ചിയിൽ നടക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഇരുന്നൂറോളം പാനൽ അംഗങ്ങളും അന്തർദേശീയതലത്തിൽ അറിയപ്പെടുന്ന 1500ലധികം വിദഗ്ധ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.