കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഹോസ്റ്റലിൽ നിന്നും മലിനജലം റോഡിലേയ്ക്ക് ഒഴുക്കുന്നതായി പരാതി. ആശുപത്രിയിലെ ലേഡീസ് ഹോസ്റ്റലിൽ നിന്നുള്ള മലിനജലമാണ് റോഡിലേയ്ക്ക് ഒഴുക്കുന്നത്. കക്കൂസ് മാലിന്യം ഉൾപ്പെടെ ഉള്ളവ റോഡിലേയ്ക്ക് ഒഴുക്കുന്നതോടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പ്രദേശവാസികൾക്ക് ഉണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്. റോഡിലൂടെ മാലിന്യം ഒഴുകുന്നത് മൂലം പ്രദേശത്ത് വലിയ ദുർഗന്ധമാണ് ഉണ്ടാകുന്നത്. റോഡിലൂടെ കക്കൂസ് മാലിന്യം അടക്കമാണ് ഒഴുകുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളുടെ റീ ടെസ്റ്റ് നടക്കുന്ന സ്ഥലം കൂടിയാണ് ഇത്. ഇത്തരത്തിൽ വാഹനങ്ങളുടെ റീ ടെസ്റ്റിനായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് മലിനജലം റോഡിലേയ്ക്ക് ഒഴുകുന്നത് മൂലം നേരിടേണ്ടി വരുന്നത്. ഇത്തരത്തിൽ മലിന ജലം വലിയ തോതിൽ റോഡിലേയ്ക്ക് ഒഴുകുന്നത് നിയന്ത്രിയ്ക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാൻ എൻ.സി.പി (എസ്) ആർപ്പൂക്കര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി തോമസ്, ഈ.കെ റജി, സിജു ചാക്കോ, പ്രതീഷ്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.