കോട്ടയം : കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച്
കടുത്തുരുത്തിയിൽ പ്രതിഷേധ പ്രകടനം നടത്തി. കേവലം ഒരു ഹൗസിംഗ് സൊസൈറ്റിയിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എം പിയെ മനപ്പൂർവ്വം അവഹേളിക്കുക എന്ന ഉദ്ദേശത്തോടെയാണ് കോൺഗ്രസും യുഡിഎഫും പ്രതിഷേധം സംഘടിപ്പിച്ചത് എന്ന് കേരള കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ആളുകൾക്ക് മദ്യം വാങ്ങി നൽകിയാണ് വളരെ മോശമായ രീതിയിൽ പ്രകടനം നടത്തിയത്. യുഡിഎഫ് നേതൃത്വത്തിൽ പുലഭ്യം വിളിക്കുകയും ബോധപൂർവ്വം അത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായും കേരള കോൺഗ്രസ് (എം ) പ്രവർത്തകർ ആരോപിച്ചു. തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ സ്വഭാവികമാണ്. ഇവിടെ രണ്ട് പ്രാദേശിക വിഭാഗങ്ങൾ രണ്ടു മുന്നണിയുടെ ബാനറിൽ ആണ് മത്സരിച്ചത്. എന്നിട്ടും ജോസ് കെ മാണി എം പിയെ അവഹേളിക്കുന്നതിന് ചിലർ തിരക്കഥ ഒരുക്കി എന്നതാണ് യാഥാർത്ഥ്യമെന്നും കേരള കോൺഗ്രസ് ആരോപിക്കുന്നു. ഇതിനെതിരെ കടുത്തുരുത്തിയിലെ കേരള കോൺഗ്രസ് (എം ) പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പാർട്ടി നേതാക്കളായ സണ്ണി തെക്കേടം, സക്കറിയാസ് കുതിരവേലി, ജോസ് പുത്തൻകാല, നിർമല ജിമ്മി,തോമസ് ടി.കീപ്പുറം, കെ.എസ്.സി(എം) സംസ്ഥാന പ്രസിഡൻ്റ് ബ്രൈറ്റ് വട്ടനിരപ്പേൽ തുടങ്ങി മറ്റു സംഘടന നേതാക്കന്മാർ നേതൃത്വം നൽകി.