കോട്ടയം : കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പിന് പിന്നാലെ യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്. ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയതായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ പ്രഖ്യാപിച്ചു. നഗരസഭ ഭരണസമിതിക്കെതിരെ ബിജെപി കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം നഗരസഭയിൽ നടത്തിയ സമരത്തിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അവിശ്വാസപ്രമേയത്തിനോടുള്ള നിലപാട് വ്യക്തമാക്കണമെന്നും കെ അനിൽകുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് കോട്ടയം നഗരത്തിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചെയർപേഴ്സണും വൈസ് ചെയർമാനും എതിരെ എൽഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. കോട്ടയം നഗരസഭയിൽ 52 അംഗങ്ങളാണ് ഉള്ളത്. എൽ ഡി എഫിന് 22 ഉം , യു ഡി എഫിന് 21 ഉം ബി ജെ പി യ്ക്ക് എട്ടും അംഗങ്ങളാണ് ഉള്ളത്. സ്വതന്ത്ര അംഗമായ ബിൻസി സെബാസ്റ്റ്യനെ കോൺഗ്രസും യുഡിഎഫും പിന്തുണച്ചതോടെയാണ് ഇവർ ചെയർപേഴ്സൺ ആയി തുടരുന്നത്.