കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ കൊല്ലാട് പ്രദേശത്ത് റോഡിലേയ്ക്കു മറിഞ്ഞു വീണ മരം റോഡിൽ ഗതാഗത തടസമായി കിടന്നത് ഒരു ദിവസം. പഞ്ചായത്ത് അധികൃതരോ, പഞ്ചായത്ത് മെമ്പറോ സ്ഥലത്തേയ്ക്ക് തിരിഞ്ഞു നോക്കാതെ വന്നതോടെ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി. കഴിഞ്ഞ ദിവസമാണ് പനച്ചിക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കോട്ടയം കൊല്ലാട് കൊല്ലം കവല തൃക്കോവിൽ വാർഡിൽ റോഡിലേയ്ക്ക് മരം മറിഞ്ഞു വീണത്. ബുധനാഴ്ച വൈകിട്ടോടെയാണ് റോഡിലേയ്ക്ക് മരം വീണത്. തുടർന്ന്, നാട്ടുകാർ വിവരം പഞ്ചായത്തംഗത്തെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചു. എന്നാൽ, വ്യാഴാഴ്ച ഉച്ചയായിട്ടും റോഡിനു നടുവിൽ നിന്നും മരം വെട്ടിമാറ്റാൻ ആരും തയ്യാറായില്ല. തുടർന്ന്, നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് മരം വെട്ടി മാറ്റുകയായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയൻ ബി.മണ്ഡലം, മുൻ പഞ്ചായത്തംഗം ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ മരം വെട്ടി മാറ്റുകയായിരുന്നു. ഇതേ തുടർന്നാണ് ഈ റോഡിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചത്.