കോട്ടയം: നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പിന് പിന്നാലെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് വരുന്നു. ഓഗസ്റ്റ് 29 നാണ് കോട്ടയം നഗരസഭ ചെയർപേഴ്‌സണൻ ബിൻസി സെബാസ്റ്റ്യന് എതിരെ പ്രതിപക്ഷമായ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുക. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം വൈസ് ചെയർമാൻ ബി.ഗോപകുമാറിന് എതിരായ അവിശ്വാസ പ്രമേയവും ചർച്ച ചെയ്യും. കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നഗരസഭ അധികൃതർക്ക് കൈമാറിയത്. ഇതോടെ അടുത്ത ദിവസം നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ച കൂടുതൽ കലുഷിതമാകും. 52 അംഗ നഗരസഭയിൽ യുഡിഎഫിന്റെ 21 അംഗങ്ങളുടെ പിൻതുണയോടെയാണ് സ്വതന്ത്ര അംഗം ബിൻസി സെബാസ്റ്റിയൻ ചെയർപേഴ്‌സണായത്. 22 അംഗങ്ങളുള്ള എൽഡിഎഫിന് തുല്യ വോട്ടാണെങ്കിലും നറക്കെടുപ്പിന്റെ ഭാഗ്യം ബിൻസിയ്ക്ക് തുണയാകുകയായിരുന്നു. എട്ട് അംഗങ്ങളുള്ള ബിജെപിയുടെ വോട്ടും നിർണ്ണായകമാകും.