കോട്ടയം: നഗരസഭയിലെ മൂന്നു കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പിൽ വീണ്ടും സസ്പെൻഷൻ. നഗരസഭ സെക്രട്ടറിയുടെ പി.എ ആയ ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി ഫില്ലിസ് ഫെലിക്സിനെയാണ് സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത്. നഗരസഭയിലെ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖിൽ സി.വർഗീസ് നടത്തിയ തട്ടിപ്പിന് വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടെന്നും, ഇവർക്ക് മേൽനോട്ട വീഴ്ചയുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇവരെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ഏഴിനാണ് തട്ടിപ്പു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. ഇതേ തുടർന്ന് നേരത്തെ കോട്ടയം നഗരസഭയിൽ ജോലി ചെയ്തിരുന്ന അഖിൽ സി.വർഗീസ് എന്ന ക്ലർക്കിനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം നഗരസഭയിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. പെൻഷൻ സംബന്ധിച്ചുള്ള രജിസ്റ്ററുകളും ഫയലുകളും പരിശോധിക്കൽ, ഗുണഭോക്താക്കൾ മരണപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കുന്നതിനുള്ള മസ്റ്ററിങ് യഥാവിധി നടത്തൽ, വിതരണ ലിസ്റ്റുകളും ബാങ്ക് അക്കൗണ്ട് നമ്പരുകളും തമ്മിലുള്ള ക്രോസ് ചെക്കിംങ് നടത്തൽ തുടങ്ങിയവ യഥാവിധി ചെയ്യാത്തതിലും , സ്ഥലം മാറിയ ജീവനക്കാരന് വീണ്ടും കോട്ടയം നഗരസഭയിലെ പെൻഷൻ ലിസ്റ്റുകൾ കൈകാര്യം ചെയ്ത് ക്രമക്കേട് തുടരാൻ അവസരം ഒരുക്കിയതിലും പിഎ ടു സെക്രട്ടറിയ്ക്കു വീഴ്ചയുണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇപ്പോൾ പി.എ ടു സെക്രട്ടറിയെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്തിരിക്കുന്നത്. എന്നാൽ, സെക്രട്ടറിയെ സസ്പെന്റ് ചെയ്യാതെ സംരക്ഷിച്ചു നിർത്തി നഗരസഭ ഭരണം അട്ടിമറിക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണമാണ് നഗരസഭയുടെ ഭരണത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് ഉയർത്തുന്നത്. അതുകൊണ്ടാണ് കേസിൽ കുറ്റക്കാരനായ സെക്രട്ടറിയെ സംരക്ഷിച്ചു നിർത്താൻ സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.