കോട്ടയം: നഗരസഭയിൽ മൂന്നു കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയായ അഖിൽ സി.വർഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മൈധാവിയുടെയും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും ഉദ്യോഗസ്ഥരുടെയും നമ്പർ വച്ചാണ് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. നാലു വർഷം കൊണ്ട് കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ടിൽ നിന്നും കൊല്ലം മങ്ങാട്ട് ആൻസി ഭവനിൽ അഖിൽ സി.വർഗീസ് എന്ന പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ പണം തട്ടിയെടുത്ത അഖിൽ സി.വർഗീസിന് എതിരെയുള്ള ക്രമക്കേടുകൾ കഴിഞ്ഞ ഏഴിനാണ് പുറത്ത് വന്നത്. എന്നാൽ, സംഭവം നടന്ന 22 ദിവസം കഴിഞ്ഞിട്ടും ഇതുവരെയും അഖിലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആദ്യം കോട്ടയം വെസ്റ്റ് പൊലീസും, പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവും കേസ് അന്വേഷിച്ചു എങ്കിലും ഇതുവരെയും പ്രതിയെ കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ പൊലീസ് അഖിലിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.