വൈക്കം: കേരള ഫയർ സർവ്വീസ് അസോസിയേഷൻ (കെ എഫ് എസ് എ) വൈക്കം യൂണിറ്റ് സമ്മേളനത്തിലെ പ്രമേയത്തിലാണ് ഫയർ ഫോഴ്സിൻ്റെ വർക്കിംഗ് യൂണിഫോം പരിഷ്കരിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടത്. ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ സേനാംഗങ്ങൾ ഉപയോഗിക്കുന്ന വർക്കിംഗ് യൂണിഫോമിൻ്റെ നിറം ഓറഞ്ചാണ്. മറ്റ് സേനാ വിഭാഗങ്ങളും ഇതേ നിറം ഉപയോഗിക്കുന്നതിനാൽ ദുരന്തമേഖലകളിൽ അഗ്നിരക്ഷാസേനയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാറില്ല. അടുത്തിടെയുണ്ടായ പല ദുരന്തമേഖലകളിലും ഇത് ഒരു പോരായ്മയായി മാറിയതിനാലാണ് വർക്കിംഗ് യൂണിഫോം പരിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നത്. കെ എഫ് എസ് എ സംസ്ഥാന ട്രെഷറർ ബൈജു കോട്ടായി ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കോട്ടയം മേഖലാ ട്രെഷറർ ഷൈൻ. പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനറായി കെ. രഞ്ജിത്ത്, മേഖലാ കമ്മറ്റി അംഗങ്ങളായി കെ.എസ്.സുജിത്ത്, കെ. ശ്രീജിത്ത്, പി. ഷൈൻ എന്നിവരെ പുതിയ ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു.