മണർകാട് : ആഗോള മരിയൻ തീർഥാടന കേന്ദ്രമായ കോട്ടയം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഇന്ന് ഉച്ചകഴിഞ്ഞ് കൊടിമര ഘോഷയാത്രയ്ക്കായി പള്ളിയിൽനിന്ന് പുറപ്പെട്ടു. തുടർന്ന് പറമ്പുകര മരവത്ത് എം.എം. ജോസഫിന്റെ ഭവനാങ്കണത്തിൽ നിന്ന് വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിച്ചു. തുടർന്ന് പ്രാർത്ഥനകൾക്ക് ശേഷം തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ കൊടിമരം ഉയർത്തി.
നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് വിശ്വാസികളാണ് കൊടിയേറ്റ് ചടങ്ങിൽ പങ്കാളികളാകാൻ ദേവാലയത്തിലേക്ക് എത്തിയിരുന്നത്. സെപ്റ്റംബർ 5 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിർഭരമായ റാസ നടക്കും. സെപ്റ്റംബർ 7- നാണ് ദേവാലയത്തിലെ ചരിത്രപ്രസിദ്ധമായ നട തുറക്കൽ. 11.30 ന് ഉച്ചനമസ്‌കാരത്തെ തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സാന്നിധ്യത്തിലാണ് വിശുദ്ധ ദൈവമാതാവിന്റെയും, ഉണ്ണിയേശുവിന്റെയും ഛായചിത്രം അടങ്ങിയ പേടകം വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നു നൽകുന്ന നടതുറക്കൽ ശുശ്രൂഷ നടക്കുക. പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ -8 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, അനുബന്ധ ചടങ്ങുകൾ എന്നിവയെ തുടർന്ന് എട്ടു നോമ്പു പെരുന്നാളിന് സമാപനമാകും.