കോട്ടയം ചങ്ങനാശേരിയിൽ വീടുകയറി ലക്ഷങ്ങളുടെ സ്വർണമോഷണം: ഒളിവിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി  അറസ്റ്റിൽ

 ചങ്ങനാശ്ശേരി : വീടിനുള്ളിൽ കയറി വജ്ര ആഭരണങ്ങൾ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻവീട്ടിൽ  ഷാജഹാൻ പി.എം (53) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓഗസ്റ്റ് മാസം ചങ്ങനാശ്ശേരി പാറേൽപള്ളി ഭാഗത്തുള്ള  ഗൃഹനാഥന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത ശേഷം അകത്തുകയറി മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും, സ്വർണ്ണകൊന്ത, വള, കമ്മൽ എന്നിവ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ  മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. 

Advertisements

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ  പോലീസിന്റെ പിടിയിലാവുന്നത്. ഷാജഹാൻ മുഖത്തിന് രൂപമാറ്റം വരുത്തിയാണ് ഒളിവിൽ കഴിഞ്ഞുവന്നിരുന്നത്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ ബി. വിനോദ് കുമാർ, എസ്.ഐ മാരായ അഖിൽദേവ്, സന്തോഷ്, അബ്രഹാം, പ്രസന്നൻ, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി,  നിയാസ്, സതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഷാജഹാന്  തലശ്ശേരി, തൃശ്ശൂർ വെസ്റ്റ്, തിരുവല്ല, ചിങ്ങവനം, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Hot Topics

Related Articles