കോട്ടയം: ഒരു ലക്ഷത്തോളം രൂപ വില വരുന്ന വജ്രമാലയ്ക്കായി ട്രെയിൻ തടഞ്ഞു നിർത്തി പൊലീസ് അന്വേഷണം. കോട്ടയം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രെയിൻ തടഞ്ഞു നിർത്തി പത്തു മിനിറ്റ് നടത്തിയ പരിശോധനയിൽ വജ്രമാല കണ്ടെത്തി നൽകിയത്. പൊലീസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലിൽ നന്ദി പറയുകയാണ് എറണാകുളത്ത് ജോലി ചെയ്യുന്ന ഹരിപ്പാട് സ്വദേശിയായ യുവതി.
ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ഹരിപ്പാട് സ്വദേശിയായ യുവതി എറണാകുളത്താണ് ജോലി ചെയ്യുന്നത്. ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂവിന് പോയ ശേഷം യുവതി മടങ്ങിയെത്തിയതായിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പത്തു മിനിറ്റിന് ശേഷമാണ് തന്റെ മാല നഷ്ടമായ വിവരം യുവതി തിരിച്ചറിയുന്നത്. തുടർന്ന്, ഇവർ സൗത്ത് റെയിൽവേ സ്റ്റേഷനിലെ റെയിൽവേ സംരക്ഷണ സേന അധികൃതരെ വിവരം അറിയിച്ചു. ഇവർ ഉടൻ തന്നെ കോട്ടയം റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി.ജോസഫിന് വിവരം കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥ സംഘവും അതിവേഗം പ്ലാറ്റ്ഫോമിൽ കുതിച്ചെത്തി. ഇവർ സഞ്ചരിച്ചിരുന്ന കെ.എസ്.ആർ – ബാംഗ്ലൂർ കന്യാകുമാരി ട്രെയിൻ ഈ സമയം കോട്ടയത്ത് എത്തിച്ചേർന്നിരുന്നു. യുവതിയിരുന്ന എസ്ടു കോച്ചിനുള്ളിൽ പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചു. പത്തു മിനിറ്റിനുള്ളിൽ തന്നെ മാല പൊലീസ് സംഘം കണ്ടെത്തി. തുടർന്നാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. മാല യുവതിയ്ക്ക് തിരികെ നൽകുകയും ചെയ്തു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി മാല ഏറ്റുവാങ്ങി. തുടർന്ന്, മധുരവും വിതരണം ചെയ്ത ശേഷമാണ് ഇവർ സ്റ്റേഷനിൽ നിന്നും മടങ്ങിയത്.