ഓണത്തിരക്ക് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക്..! ചിങ്ങവനം മുതൽ സിമന്റ് കവല വരെ വൻ കുരുക്ക്; വലഞ്ഞ് യാത്രക്കാർ

കോട്ടയം: ഓണത്തിരക്കിൽ വലഞ്ഞ് കോട്ടയം..! എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക്. ചിങ്ങവനം മുതൽ സിമന്റ് കവല വരെ വൻ ഗതാഗതക്കുരുക്ക്. സിമന്റ് കവലയിൽ നിന്നും പാറേച്ചാൽ ബൈപ്പാസിലേയ്ക്കു വാഹനങ്ങൾ തിരിയുന്നതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കാണ് ഇപ്പോൾ യാത്രക്കാരെ വലയ്ക്കുന്നത്. രാവിലെ എട്ടു മണി മുതൽ എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചിങ്ങവനത്തു നിന്നും 45 മിനിറ്റിൽ അധികം എടുത്താണ് വാഹനങ്ങൾ സിമന്റ് കവല മറികടക്കുന്നത്. ചിങ്ങവനം ഭാഗത്തേയ്ക്ക് ചിങ്ങവനം ജംഗ്ഷൻ വരെയും, കോട്ടയം ഭാഗത്തേയ്ക്ക് മണിപ്പുഴ വരെയും ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ കുരുക്കിൽപ്പെട്ടിരിക്കുന്നത്. രാവിലെ ജോലിയ്ക്കു പോകേണ്ടവർ പോലും വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിരവധി ആളുകളാണ് ഇത്തരത്തിൽ വലഞ്ഞിരിക്കുന്നത്. ഇവിടെ നിന്നും വാഹനങ്ങൾ കടത്തിവിടാൻ പൊലീസ് ഉദ്യോഗസ്ഥർ അടക്കം സിമന്റ് കവലയിലുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കുന്നില്ല. അടിയന്തരമായി പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഓണത്തിരക്ക് വർദ്ധിക്കുന്ന നാളെ മുതൽ ഏതു രീതിയിൽ സിമന്റ് കവലയിലെ ഗതാഗതം നിയന്ത്രിക്കുമെന്ന ആശങ്കയിലാണ് ചിങ്ങവനം പൊലീസ്. ലുലുമാൾ കൂടി വരുന്നതോടെ ഇവിടെ തിരക്ക് ഇരട്ടിയാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഗതാഗത കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Advertisements

Hot Topics

Related Articles