കോട്ടയം: ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ കമ്മ്യൂണിറ്റി ഹാളിന് സി.പി.എം നേതാവ് ഇ.എം.എസിന്റെ പേരിടാനൊരുങ്ങി പഞ്ചായത്ത് കമ്മിറ്റി. ഉമ്മൻചാണ്ടിയുടെ പേരിനൊപ്പം എഴുതിച്ചേർത്ത പുതുപ്പള്ളിയിലാണ് പ്രതിഷേധത്തിന് പുല്ലുവില നൽകി സിപിഎം നേതൃത്വം നൽകുന്ന പഞ്ചായത്ത് കമ്മിറ്റി ഇ.എം.എസിന്റെ പേരിടാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും എതിർപ്പ് അവഗണിച്ചാണ് തീരുമാനം എടുത്തത്. പഞ്ചായത്ത് കമ്മിറ്റിയിൽ പേര് സംബന്ധിച്ചുള്ള വോട്ടടെടുപ്പ് തുല്യനിലയിൽ എത്തിയപ്പോൾ, പ്രസിഡന്റിന്റെ കാസ്റ്റിംങ് വോട്ടോടെയാണ് കമ്മിറ്റി ഇ.എം.എസിന്റെ പേര് തീരുമാനിച്ചത്.
ഉമ്മൻചാണ്ടിയുടെ പേരിനൊപ്പം എഴുതിച്ചേർത്ത പേരാണ് പുതുപ്പള്ളിയുടേത്. പുതുപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ സമീപത്ത് തന്നെയുള്ള കമ്മ്യൂണിറ്റി ഹാളിനാണ് ഇപ്പോൾ സി.പി.എം നേതാവ് ഇ.എം.എസിന്റെ പേരിടാൻ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ നേരത്തെ കോൺഗ്രസ് പ്രതിഷേധം ഉയർത്തിയിരുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എയും വിഷയം പ്രതിപക്ഷ നേതാവിന്റെ അടക്കം ശ്രദ്ധയിൽക്കൊണ്ടു വന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് സമവായം എന്ന നിലയിൽ പ്രതിപക്ഷ നേതാവ് വിഷയം മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ, തീരുമാനം പിൻവലിക്കാൻ പഞ്ചായത്ത് കമ്മിറ്റി തയ്യാറായില്ല. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് കമ്മിറ്റിയിൽ പേര് മാറ്റം പ്രമേയമായി അവതരിപ്പിക്കപ്പെട്ടത്. പഞ്ചായത്ത് കമ്മിറ്റിയിലെ എൽഡിഎഫ് അംഗങ്ങൾ ഇ.എം.എസിന്റെ പേരിനെ അനകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ, ബിജെപി – കോൺഗ്രസ് അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്യുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ പേരിനെയാണ് ഇവർ അനുകൂലിച്ചത്. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയുടെ വോട്ട് എടുപ്പിൽ ഒൻപത് അംഗങ്ങൾ ഇഎംഎസിന്റെ പേരും, ഏഴ് കോൺഗ്രസ് അംഗങ്ങളും രണ്ട് ബിജെപി അംഗങ്ങൾ അടക്കം ഒൻപത് അംഗങ്ങൾ ഉമ്മൻചാണ്ടിയുടെ പേരും നിർദേശിച്ചു. എന്നാൽ, പ്രസിഡന്റ് തന്റെ കാസ്റ്റിംങ് വോട്ട് ഉപയോഗിച്ച് ഇഎംഎസിന്റെ പേര് കമ്മ്യൂണിറ്റി ഹാളിന് ഇടാൻ തീരുമാനിക്കുകയായിരുന്നു. 24 ന് ചേരുന്ന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് കമ്മ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേര് നൽകും.
1980 ൽ കമ്മ്യൂണിറ്റി ഹാളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് ഉമ്മൻചാണ്ടിയാണ് കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണം മാത്രമാണ് എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കി പറയുന്നു. ഉമ്മൻചാണ്ടിയുടെ വീടും, പ്രവർത്തന മേഖലയും, കബറിടവും അടക്കം സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേരിടുന്നത് നീതികരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. ഇതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 23 തിങ്കളാഴ്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി കവലയിൽ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എയും ജില്ലയിലെ മുതിർന്ന നേതാക്കളും പങ്കെടുക്കും.