കോട്ടയം: ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ ഏകീകരണം പൂർത്തിയായി. 16 ആരോഗ്യ ബ്ലോക്കുകൾക്കുപകരം സർക്കാർ നിർദേശപ്രകാരം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ 11 ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങൾ നിലവിൽ വന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു. സംസ്ഥാനസർക്കാരാണ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയത്. ആറു നഗരസഭകളിലെ പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ നിരീക്ഷിക്കാൻ ഒരു നഗര പൊതുജനാരോഗ്യ സംവിധാനവും നിലവിൽവന്നു.
ബ്ലോക്കുകളും അവയിലെ ബ്ലോക്കുതല കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇനിപ്പറയും പ്രകാരമാണ്. മാടപ്പള്ളി (വാകത്താനം), പള്ളം (അയർക്കുന്നം), വാഴൂർ (ഇടയിരിക്കപ്പുഴ), പാമ്പാടി (പൈക), ഏറ്റുമാനൂർ (കുമരകം), കടുത്തുരുത്തി (തലയോലപ്പറമ്പ്), വൈക്കം (ഇടയാഴം), ഉഴവൂർ (രാമപുരം), ളാലം (ഉള്ളനാട്), ഈരാറ്റുപേട്ട (ഇടമറുക്), കാഞ്ഞിരപ്പള്ളി (എരുമേലി).
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറു നഗരസഭകൾക്കായുള്ള പൊതുജനാരോഗ്യ സംവിധാനം കോട്ടയം ജനറൽ ആശുപത്രിയിലായിരിക്കും പ്രവർത്തിക്കുക. ഓരോ ബ്ലോക്കുകളിലും ഒരു എപിഡെമിയോളജിസ്റ്റ്, ഡാറ്റാ മാനേജർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയവരെ ദേശീയ ആരോഗ്യ ദൗത്യം വഴി നിയമിക്കും. ആരോഗ്യ വകുപ്പിൽനിന്ന് ഒരു ഹെൽത്ത് സൂപ്പർവൈസർ, പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സൂപ്പർവൈസർ എന്നിവരെ നിയോഗിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
പകർച്ചവ്യാധി തടയൽ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ ഏകോപനവും നിരീക്ഷണവും ത്രിതല പഞ്ചായത്ത് അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുകയാണ് പരിഷ്‌കരണം ലക്ഷ്യമിടുന്നത്. നിലവിൽ പ്രവർത്തിച്ചുവരുന്ന സാമൂഹ്യ ആരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ സംവിധാനങ്ങളെയോ ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുടെ നിലവിലെ തസ്തികകളെയോ ഇതു ബാധിക്കില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ആരോഗ്യ സ്ഥാപനങ്ങൾ ഹെൽത്ത് ബ്ലോക്ക് എന്ന സമാന്തര സംവിധാനമായി പ്രവർത്തിക്കുന്നത് ശരിയായ സാമൂഹിക നിരീക്ഷണം, വകുപ്പുതല ഏകോപനം, വിഭവ സമാഹരണം തുടങ്ങിയ മേഖലകളിൽ സങ്കീർണമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. ചില ആരോഗ്യ ബ്ലോക്കുകളിൽ 10 ഗ്രാമപഞ്ചായത്തുകൾ ഉള്ളപ്പോൾ ചിലയിടങ്ങളിൽ ഒന്നോ രണ്ടോ തദ്ദേശ സ്ഥാപനങ്ങളേ ഉള്ളു.
നഗരസഭാ പ്രദേശങ്ങളിൽ സാംക്രമിക രോഗങ്ങൾ വർധിച്ചുവരുന്നുണ്ടെങ്കിലും മേൽനോട്ടം, പ്രാദേശിക രോഗനിരീക്ഷണം എന്നിവയുടെ അഭാവമ പ്രതിരോധത്തിലും നിയന്ത്രണങ്ങളിലും വെല്ലുവിളിയാകുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഏകീകരണം നടപ്പാക്കിയത്.