കോട്ടയം: സർജിക്കൽ ബ്‌ളോക്കും സ്ൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കും പൂർത്തിയാകുമ്പോൾ അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളജ് ആയി കോട്ടയം മെഡിക്കൽ കോളജ് മാറുമെന്നു ആരോഗ്യ-വനിതാ-ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോർജ്.
കോട്ടയം മെഡിക്കൽ കോളജിൽ ആറുകോടി 40 ലക്ഷം രൂപ മുടക്കി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പ്രധാന പ്രവേശനകവാടത്തിന്റെ നിർമ്മാണോദ്ഘാടനവും ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രാദേശികവികസനഫണ്ടുവഴി അനുവദിച്ച നവീന ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനവും മെഡിക്കൽ കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജിലെത്തുന്നവർക്കു സുരക്ഷിതമായി റോഡ് കുറുകേ കടക്കാനായി നിർമിച്ച അടിപ്പാത അടുത്താഴ്ച ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. കഴിഞ്ഞ ഏഴുവർഷമായി മെഡിക്കൽ കോളജിന്റെ ചരിത്രത്തിലെ സുവർണകാലമാണ്. വിവിധതരത്തിലുള്ള സി.എസ്.ആർ. ഫണ്ടുകൾ, എം.പി. ഫണ്ടുകൾ എന്നിവ ഉപയോപ്പെടുത്തി വലിയ വികസനപദ്ധതികളാണ് കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്നതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥി ആയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ദീപ ജോസ്, ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ ജയകുമാർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ഡി. സി. എച്ച് പ്രസിഡന്റ് സി. ജെ ജോസഫ്, ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കണ്ണൻ വടക്കേപുരയിൽ, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽഎ.ടി സുലേഖ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പി. ജയപ്രകാശ്, പ്രിൻസിപ്പാൾ-ഇൻ-ചാർജ് ഡോ. കെ. അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.
ആറുകോടി 40 ലക്ഷം രൂപ മുതൽമുടക്കിൽ പൂർത്തീകരിച്ച 10 പദ്ധതികളുടെ ഉദ്ഘാടനമാണ് ചടങ്ങിൽ നടന്നത്. ഒപ്പം ജോൺ ബ്രിട്ടാസ് എം. പി. യുടെ പ്രാദേശികവികസനഫണ്ടിൽനിന്ന് അനുവദിച്ച 99.18 ലക്ഷം രൂപ അനവുദിച്ചാണ് നവീന ഉപകരണങ്ങൾ ലഭ്യമാക്കിയത്.
99.30 ലക്ഷം രൂപ മുടക്കി പുതിയ പ്രവേശനകവാടം
99.30 ലക്ഷം രൂപ മുതൽമുടക്കിയാണ് പ്രധാന പ്രവേശനകവാടം നിർമിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് വജ്ര ജൂബിലി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കുന്ന പ്രധാനകവാടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് ഏറ്റെടുത്തിട്ടുള്ളത്. അത്യാഹിതവിഭാഗത്തിന് പ്രത്യേകമായി പ്രവേശന കവാടം വേണമെന്ന ശാസ്ത്രീയ അടിസ്ഥാനത്തിൽ ആശുപത്രിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിലാണ് നിർമാണം. ജില്ലാ സഹകരണ ബാങ്ക് നൽകിയ 62 ലക്ഷം രൂപയും ആശുപത്രി വികസനസമിതിയിൽനിന്നു ലഭിച്ച ബാക്കി തുകയും ഉപയോഗിച്ചാണ് നിർമാണം. ആറുമാസത്തിനുള്ളിൽ പൂർത്തിയാകും.
പൂർത്തിയാക്കിയ പദ്ധതികൾ
സൈക്കാട്രി റിഹാബലിറ്റേഷൻ ഏറിയ-42.15 ലക്ഷം രൂപ
42.15 ലക്ഷം രൂപ മുടക്കി സൈക്യാട്രി വിഭാഗത്തിൽ രോഗികൾക്കു വിനോദത്തിനുള്ള ഇടം നവീകരിച്ചു. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ. കൺസൾട്ടേഷൻ, പുനരധിവാസം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ സ്ഥാപിച്ചു.
നവീകരിച്ച ബ്‌ളഡ് ബാങ്ക് -88 ലക്ഷം രൂപ
മധ്യ കേരളത്തിലെ രക്ത സംഭരണത്തിന്റെ നെടുംതൂണാണ് കോട്ടയം മെഡിക്കൽ കോളജ് ബ്‌ളഡ് ബാങ്ക്. വർധിച്ചു വരുന്ന രക്ത ആവശ്യങ്ങൾക്കും അതി നൂതന സൗകര്യങ്ങൾക്കുമനുസരിച്ച് രക്ത ബാങ്കിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമായി 88 ലക്ഷം രൂപ മുടക്കി ബ്‌ളഡ് ബാങ്കിൽ ഡോണർ ഫ്രണ്ട്‌ലി ബ്‌ളഡ് സെന്ററും പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച്ച് സെന്ററും പൂർത്തിയാക്കി.
ജോൺ ബ്രിട്ടാസ് എം.പി ഫണ്ടിൽ നിന്ന് 99.18 ലക്ഷം രൂപ
അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് നിർമാണം പൂർത്തികരിച്ച അഞ്ച് ആധുനിക മോഡുലാർ ഓപ്പറേഷൻ തീയറ്ററിലേക്ക് ആവശ്യമായ അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ, സർജിക്കൽ ഡയാതെർമി മെഷീൻ, ഓപ്പറേഷൻ ടേബിൾ മുതലായ ഉപകരണങ്ങൾ ഡോ. ജോൺ ബ്രിട്ടാസിന്റെ എം.പി. ലാഡ്‌സ് ഫണ്ടിൽനിന്നനുവദിച്ച 99,18,300 രൂപ ഉപയോഗിച്ച് വാങ്ങി പ്രവർത്തന സജ്ജമാക്കി.
ഗൈനക്കോളജി ബ്ലോക്ക് കാത്തിരിപ്പുകേന്ദ്രം -25 ലക്ഷം രൂപ
ഗൈനക്കോളജി വിഭാഗത്തിൽ 25 ലക്ഷം രൂപ മുതൽ മുടക്കിൽ കൂട്ടിരിപ്പുകാർക്കായി കാത്തിരിപ്പുകേന്ദ്രം നിർമിച്ചു
പുതിയ ലിഫ്റ്റ് സമുച്ചയം-1.83 കോടി രൂപ
അത്യാഹിത വിഭാഗത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി സർക്കാർ അനുവദിച്ച 16.25 കോടി രൂപയിൽനിന്ന് 1.83 കോടി രൂപ ഉപയോഗിച്ച് പുതിയ ലിഫ്റ്റ്, പാർക്കിംഗ് ഏരിയയിൽ ഇന്റർ ലോക്ക് പാകൽ, ഇലക്ട്രിക്കൽ റൂം, സ്റ്റോർ റൂം എന്നിവ പൂർത്തിയാക്കി.
റെക്കോർഡ് റൂം-50 ലക്ഷം രൂപ
50 ലക്ഷം രൂപ മുടക്കി ഫയൽ റെക്കോർഡ് റൂം, ഓഫീസ് റൂം, ഡൈനിങ്ങ് റൂം മറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കി.
ഡീസൽ ജനറേറ്റർ, ട്രാൻസ്‌ഫോർമർ -1.54 കോടി രൂപ
അത്യാഹിത വിഭാഗം, പുതുതായി പണി കഴിക്കുന്ന ഇൻഫെക്ഷ്യസ് ഡിസീസ് യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നിവയിലേക്കുള്ള വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് നബാർഡ് ഫണ്ടിൽ നിന്നുള്ള 1.54 കോടി രൂപ ഉപയോഗിച്ച് 750 കെ.വി.എ. ഡീസൽ ജനറേറ്റർ, 750 കെ.വി.എ. ട്രാൻസ്‌ഫോർമർ എന്നിവ സജ്ജമാക്കി.
ആധുനിക ഉപകരണങ്ങൾ – 2.46 കോടി രൂപ
രോഗീചികിത്സ ആധുനികവും സുരക്ഷിതവുമാക്കുന്നതിനായി പ്ലാൻ ഫണ്ടിൽ സർക്കാർ അനുവദിച്ച 82 ലക്ഷം രൂപ വിലയുള്ള അനസ്‌തേഷ്യ വർക് സ്‌റ്റേഷൻ, 72 ലക്ഷം രൂപ മുടക്കി വാങ്ങിയ ആറു വെന്റിലേറ്ററുകൾ, 20 ലക്ഷം രൂപ വിലയുള്ള താക്കോൽ ദ്വാര ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങൾ, 22 ലക്ഷം രൂപ വിലയുള്ള വെസ്സൽ സീലിംഗ് സിസ്റ്റം, കരൾ മാറ്റ ശസ്ത്രക്രിയക്ക് അത്യന്താപേക്ഷിതമായ 50 ലക്ഷം രൂപ വിലയുള്ള ക്യൂസ എന്നിവ പ്രവർത്തന സജ്ജമാക്കി
നവീകരിച്ച ഓഫ്താൽമോളജി, ഡെർമറ്റോളജി ഒ പി – 1.2 കോടി രൂപ
രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിശാലമായ പരിശോധനാമുറികൾ, കാത്തിരിപ്പുകേന്ദ്രം, ശുചിമുറികൾ, ലാബ്, മൈനർ ഓപ്പറേഷൻ തീയറ്റർ മുതലായ സൗകര്യങ്ങളോടുകൂടി ഓഫ്താൽമോളജി, ഡെർമറ്റോളജി, മുതലായ ഒ. പി വിഭാഗങ്ങൾ പുനർനിർമിച്ചു.