കോട്ടയം: കൂരോപ്പടയിൽ നിയോജക മണ്ഡലം കമ്മിറ്റിയിൽ തമ്മിൽ തല്ലി കോൺഗ്രസ് നേതാക്കൾ. കേട്ടാലറയ്ക്കുന്ന അസഭ്യം വിളിയുമായി നേതാക്കന്മാർ തമ്മിൽ തല്ലിയതോടെ വനിതാ നേതാക്കൾ അടക്കമുള്ളവർ ചിതറിയോടി. കൂരോപ്പടയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു തമ്മിലടി. ഞായറാഴ്ച വൈകുന്നേരം കൂരോപ്പട കാർഷികബാങ്കിന്റെ മുകളിലെ ഹാളിൽ ചേർന്ന യോഗത്തിലാണ് തമ്മിലടിയും തെറിവിളിയും നടന്നത്.
കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, ഡി.സി.സി സെക്രട്ടറി സാബു പുതുപ്പറമ്പിൽ എന്നിവർ യോഗത്തിലാണ് പ്രദേശത്തെ മുതിർന്ന നേതാക്കൾ തമ്മിൽ തല്ലിയത്. ഇവർ പങ്കെടുത്ത് പുറത്ത് ഇറങ്ങുന്നതിനിടയിലാണ് കൂരോപ്പട മണ്ഡലം പ്രസിഡന്റ് സാബു സി കുര്യനും യു.ഡി.എഫ് കൺവീനർ കുഞ്ഞ് പുതുശ്ശേരിയും തമ്മിൽ അസഭ്യവർഷവും കയ്യാങ്കളിയും ഉണ്ടായത്. കേട്ടാലറയ്ക്കുന്ന തെറി വിളി കേട്ട് മഹിളാ നേതാക്കളും വനിതാ ജനപ്രതിനിധികളും ഹാളിൽ നിന്നും ഇറങ്ങിയോടി. വാർഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായുള്ള ഇരുവരുടെയും അഭിപ്രായ വ്യത്യാസമാണ് കയ്യാങ്കളിയിലേക്കും അസഭ്യവർഷത്തിലേക്കും എത്തിച്ചതെന്നാണ് പ്രവർത്തകർ പറയുന്നത്. പരസ്പരം തല്ലാൻ നിന്ന ഇരുവരെയും മുതിർന്ന നേതാക്കളാണ് പിടിച്ച് മാറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വർഷങ്ങൾക്ക് മുൻപേ കോൺഗ്രസിലെ തമ്മിലടിക്ക് പേര് കേട്ട സ്ഥലമാണ് കൂരോപ്പട. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുഞ്ഞ് പുതുശ്ശേരിക്ക് നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവർ തമ്മിലുള്ള തമ്മിലടി രൂക്ഷമായിരുന്നു. പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ മകനെ എം.ആർ എഫിൽ നിന്ന് പിരിച്ച് വിട്ടതിന് പിന്നിൽ സാബുവാണെന്ന് ആരോപിച്ചായിരുന്നു ചീത്തവിളി. നേരത്തെ കുഞ്ഞിന്റെ മകനെതിരെ യൂത്ത് കോൺഗ്രസിന്റെ പേരിൽ വ്യാജ വാർത്ത ചോർത്തിയതിന്റെ പേരിൽ താക്കീത് അടക്കമുള്ള നടപടികൾ ഉണ്ടായിരുന്നു.
പരസ്പരം ചീത്തവിളിയായതോടെ നാട്ടുകാരും ഓടിക്കൂടി. വരും ദിവസങ്ങളിൽ ഇതിന്റെ ബാക്കിയുണ്ടാവുമെന്ന് ഉറപ്പാണ്. പോലീസ് സംരക്ഷണത്തിൽ യോഗം കൂടേണ്ട അവസ്ഥയാണെന്ന് പ്രവർത്തകർ പറഞ്ഞു.
പ്രധാനപ്പെട്ട യോഗം കലക്കിയത് കൺവീനർ കുഞ്ഞ് പുതുശ്ശേരിയാണെന്ന് സാബുവും കലക്കിയത് സാബുവാണെന്ന് കുഞ്ഞും ആരോപണം ഉന്നയിച്ചിട്ടുണ്ട്. രണ്ടു പേർക്കെതിരെയും അതിരൂക്ഷമായ വിമർശനമാണ് വാർഡിൽ പ്രവർത്തകർ ഉയർത്തുന്നത്.