കോട്ടയം കോടിമത നാലുവരിപ്പാതയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്; പരിക്കേറ്റത് കോടിമതയിൽ കട നടത്തുന്ന വയോധികന്

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. കോടിമത പമ്പിന് എതിർ വശത്ത് കട നടത്തുന്ന കോടിമത സ്വദേശിയായ ആന്റണി (65)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. അടൂരിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് റോഡ് മുറിച്ച് കടക്കുകയായിരുന്ന ആന്റണിയെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആന്റണി തലയിടിച്ചാണ് റോഡിൽ വീണത്. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആന്റണിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ തലയ്ക്ക് പിന്നിലാണ് പരിക്കേറ്റിരിക്കുന്നത്. ഏതാനും ദിവസം മുൻപ് കോടിമത നാലു വരിപ്പാതയിൽ വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് മുൻപ് കഴിഞ്ഞ മാസം 27 നാണ് കോടിമത നാലു വരിപ്പാതയിൽ സ്‌കൂട്ടറിൽ പിക്കപ്പ് വാഹനം ഇടിച്ച് ദമ്പതിമാർ മരിച്ച അപകടം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെ അപകടം ഉണ്ടായത്. അപകടം ഉണ്ടായ സ്ഥലത്ത് റോഡിൽ മതിയായ വെളിച്ച സംവിധാനമില്ല. ഇരുണ്ട് മൂടിക്കിടക്കുന്ന ഈ റോഡിൽ കാൽ നടയാത്രക്കാരൻ ജീവൻ പണയം വച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് ഇവിടെ അപകടം ഒഴിവാകുന്നത്. ഇവിടെ സോളാൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ലൈറ്റുകളൊന്നും തെളിയുന്നതേയില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

Advertisements

Hot Topics

Related Articles