പനച്ചിക്കാട്: ഗ്രാമ പഞ്ചായത്തിൽ സ്ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം എതിരില്ലാതെ വിജയിച്ചതോടെ ക്ഷേമകാര്യ സ്ഥിരം സമിതിയിൽ സി പി എം ന് പ്രാതിനിധ്യമില്ലാതായി.
20-ാം വാർഡിലെ സി പി എം അംഗം ഷീബാ ലാലച്ചൻ പഞ്ചായത്ത് അംഗത്വം രാജിവച്ചതിനെ തുടർന്നാണ് സ്ഥിരം സമിതിയിലും ഒഴിവുവന്നത് . ജൂലൈ 30 ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആ വാർഡിൽ കോൺഗ്രസ് അംഗം മഞ്ജുരാജേഷ് ആണ് വിജയിച്ചത് . തെരഞ്ഞെടുപ്പിൽ സി പി എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു . ക്ഷേമകാര്യ സ്ഥിരം സമിതിയിൽ വന്ന ഒഴിവ് നികത്തുന്നതിന് ഇന്നലെ സെപ്റ്റംബർ 26 , വ്യാഴാഴ്ച വരണാധികാരിയായ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അനു കുഞ്ചെറിയ 23 പഞ്ചായത്തംഗങ്ങൾക്കും നോട്ടീസ് നൽകി യോഗം വിളിച്ചു ചേർക്കുകയായിരുന്നു .
സി പി എം , ബി ജെ പി അംഗങ്ങൾ എത്താതിരുന്നതിനെ തുടർന്നാണ് കോൺഗ്രസ് അംഗം മഞ്ജു രാജേഷ് എതിരില്ലാതെ ജയിച്ചത് . വികസന കാര്യ സ്ഥിരം സമിതിയിലും ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതിയിലും സി പി എം ന് ഓരോ അംഗങ്ങൾ മാത്രമാണുള്ളത് . 35 വർഷം തുടർച്ചയായി ഭരിച്ച സി പി എം ന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് 23 വാർഡുകളിൽ നാലിലൊന്ന് അംഗങ്ങൾ പോലും ഇല്ലാതാകുന്നതെന്നും ഒരു സ്ഥിരം സമിതിയിൽ പ്രതിനിധി ഇല്ലാതെ പോകുന്നതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു .