കോട്ടയം: മണിപ്പുഴയിലെ ലുലുമാളിൽ തീയറ്ററില്ലെന്നുറപ്പായി. രണ്ട് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ലുലുമാളിൽ ഹൈപ്പർമാർക്കറ്റിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ലുലുമാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇന്നലെ ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ലുലുമാൾ സന്ദർശിച്ചിരുന്നു. മണിപ്പുഴ ബെൽമൗണ്ട് സ്‌കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഇദ്ദേഹം ഇവിടെ നിന്ന് സ്വന്തം കാർ സ്വയം ഓടിച്ചാണ് മാളിൽ എത്തിയത്. രണ്ടു മണിക്കൂറോളം ഇദ്ദേഹം ലുലുമാളിനുള്ളിൽ സമയം ചിലവഴിച്ചു.
ഇന്നലെ രാവിലെ 12 മണിയോടെയാണ് ലുലുമാളിൽ യൂസഫലി എത്തിയത്. തുടർന്ന്, യൂസഫലി മാളിനുള്ളിൽ കയറിയ ശേഷം ഹൈപ്പർമാർക്കറ്റിൽ പ്രവേശിച്ചു. ഇവിടെ എത്തിയ ശേഷം ഹൈപ്പർമാർക്കറ്റിൽ ഉത്പന്നങ്ങൾ ആദ്യമായി ഷെൽഫിൽ വയ്ക്കുന്ന കർമ്മം അദ്ദേഹം നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് രണ്ട് മണിക്കൂറോളം നടന്ന് കണ്ട ഇദ്ദേഹം, നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപ് യൂസഫലി നേരിട്ട് കണ്ട് വിലയിരുത്തുന്ന പതിവുണ്ട്. ഇതിന് ശേഷമാകും ഉദ്ഘാടന തീയതി നിശ്ചയിക്കുക. ഇതിന്റെ ഭാഗമായാണ് ഇന്നലെ യൂസഫലി മണിപ്പുഴയിലെ ലുലുമാളിൽ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹോദരനും ലുലുഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ അഷറഫലിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ലുലുവിന്റെ കേരളത്തിലെ ഏഴാമത്തെ ഹൈപ്പർമാർക്കറ്റാണ് കോട്ടയത്ത് ഒരുങ്ങുന്നത്. തിരൂർ, പെരിന്തൽമണ്ണ, തൃശൂർ, കൊല്ലം, കൊട്ടിയം എന്നിവടങ്ങളിലും ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നുണ്ട്. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടിയിലാണ് ലുലുമാൾ നിർമ്മിക്കുന്നത്. 650 ജീവനക്കാരാണ് ഇവിടെയുള്ളത്. താഴത്തെ നിലയിൽ ലുലുവിന്റെ ഹൈപ്പർമാർക്ക് പ്രവർത്തിക്കും. രണ്ടാമത്തെ നിലയിൽ ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയ്ക്കു പിന്നാലെ രാജ്യാന്തര ബ്രാൻഡുകളുടെ 22 ഷോറൂമും ഇവിടെയുണ്ട്. 500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർഡും, കുട്ടികളുടെ ഉല്ലാസത്തിന് ഫൺടൂറ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 1000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്ന മൾട്ടിലെവൽ പാർക്കിംങ് ഒരുക്കിയിട്ടുണ്ട്. മാളിൽ നിന്നും എം.സി റോഡിലേയ്ക്ക് ഇറങ്ങാൻ റാമ്പും ക്രമീകരിച്ചിട്ടുണ്ട്.