കോട്ടയം: വളർത്തിയ വീട്ടിൽ നിന്നും കെട്ടുപൊട്ടിച്ചോടി ബേക്കർ ജംഗ്ഷനിൽ എത്തിയ അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ട നായ തെരുവുനായയുമായി കടിപിടി കൂടി. തെരുവിൽ കടിപിടി കൂടിയ നായയെ ഒടുവിൽ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പിടിച്ചുകെട്ടി. എന്നാൽ, നായയെ പിടിച്ചു കെട്ടിയെങ്കിലും ഇനി എന്താകും അടുത്ത നടപടിയെന്ന ആശങ്കയിലാണ് അധികൃതർ. ഇന്ന് വൈകിട്ട് അഞ്ചരയോടെ ബേക്കർ ജംഗ്ഷനിലായിരുന്നു സംഭവങ്ങൾ. ബേക്കർ ജംഗ്ഷനിലൂടെ നടന്നെത്തിയ അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ട നായ തെരുവുനായയുമായി കടിപിടി കൂടുകയായിരുന്നു. തെരുവുനായയുടെ ആക്രമണത്തിൽ അമേരിക്കൻ ബുള്ളിയ്ക്ക് പരിക്കേൽക്കുകയും, മുഖത്ത് നിന്ന് രക്തം വാർന്നൊഴുകുകയും ചെയ്തു. ഇതോടെ നാട്ടുകാർ വിവരം പൊലീസിനെയും അഗ്നിരക്ഷാ സേനാ സംഘത്തെയും അറിയിച്ചു. അപകട കാരിയായ നായയെ അഗ്നിരക്ഷാ സേനാ സംഘം സാഹസികമായി കയർ ഉപയോഗിച്ച് കെട്ടിയിട്ടു. തുടർന്ന്, റോഡരികിലെ കടയുടെ മുന്നിൽ കെട്ടിയിടുകയായിരുന്നു. നായയെ കൈമാറുന്നതിനായി അഗ്നിരക്ഷാ സേനയും പൊലീസും മൃഗസംരക്ഷണ വകുപ്പിനെയും നഗരസഭയെയും വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെയും ആരും നായയെ ഏറ്റെടുക്കാൻ സ്ഥലത്ത് എത്തിയിട്ടില്ല.