കോതമംഗലത്ത് ഷൂട്ടിംങിനായി എത്തിയ കൊമ്പൻ പുതുപ്പള്ളി സാധു പിണങ്ങി കാടി കയറിയത് അറിഞ്ഞാണ് ഞാനും ഉടമ പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ പോത്തൻവർഗീസും ചേർന്ന് വെള്ളിയാഴ്ച വൈകിട്ട് കോതമംഗലത്തേയ്ക്ക് തിരിച്ചത്. വർഷങ്ങളായി കൊമ്പന്റെ ചികിത്സ അടക്കമുള്ള കാര്യങ്ങൾ നോക്കിയിരുന്നതിനാൽ സാധുവുമായി വളരെ അടുപ്പമുണ്ടായിരുന്നു. ഷൂട്ടിംങിനിടെ ചങ്ങലയിട്ട് ബന്ധിക്കാതെ സ്വതന്ത്രമായി അയച്ചിരുന്നതിനാൽ ആനയെ തളയ്ക്കാൻ ആവശ്യമെങ്കിൽ മയക്കുവെടി വെയ്ക്കുന്നതിന് അടക്കമുള്ള തയ്യാറെടുപ്പുകൾ സഹിതമാണ് ഞങ്ങൾ കോതമംഗലത്ത് എത്തിയത്. ഞങ്ങൾ എത്തുമ്പോൾ കൊമ്പൻ കാടിനുള്ളിലേയ്ക്കു കയറിയിരുന്നു. രാത്രി തിരച്ചിൽ അവസാനിക്കുന്നത് വരെ അവിടെ നിന്ന ശേഷം ഒരു മണിയോടെ കോട്ടയത്തിന് മടങ്ങി. ഇന്നു പുലർച്ചെയാണ് തിരികെ കോതമംഗലത്ത് എത്തിയത്.
പുലർച്ചെ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ഏഴു ഗ്രൂപ്പുകൾ രൂപീകരിച്ച് തിരച്ചിൽ പുനരാരംഭിക്കുന്നതിനിടെയാണ് കൊമ്പൻ നടന്നു പോയ വഴി കണ്ടതായി വനം വകുപ്പിന്റെ വാച്ചർ അറിയിക്കുന്നത്. കൊമ്പൻ നടന്ന കാൽപ്പാദം കാടിനുള്ളിൽ കണ്ടതായി വാച്ചർ അറിയിച്ചതോടെ ഈ പ്രദേശം കേന്ദ്രീകരിച്ചായി പിന്നീടുള്ള തിരച്ചിൽ. ആന ചവിട്ടിക്കടന്നു പോയ വഴിയിലൂടെ മുന്നോട്ട് പോയമ്പോൾ കാടിനുള്ളിലൂടെ നടക്കുന്ന കൊമ്പനെ കണ്ടു. കാട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങാനുള്ള രീതിയിലായിരുന്നു കൊമ്പന്റെ നിൽപ്പ്. ഇതോടെ അൽപ നേരം നിരീക്ഷിച്ച ശേഷം പാപ്പാൻ ആനയെ വിളിച്ചു. ആന ശാന്തനാണ് എന്ന് മനസിലാക്കി, പതിയെ പാപ്പാൻ സാധുവിനെ അനുനയിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിയെ കാടിനുള്ളിൽ തന്നെ പുല്ലുള്ള ഭാഗത്ത് എത്തിച്ച് പതിയെ കൊമ്പനെ നിർത്തി ചങ്ങല ധരിപ്പിച്ചു. ആനയെ ശാന്തനാക്കി കാടിനു പുറത്ത് എത്തിച്ച് ലോറിയിൽ കയറ്റി യാത്ര തുടർന്നു. പൊതുവിൽ ശാന്തനായ കൊമ്പനാണ് സാധു. ആരോടും പ്രശ്‌നങ്ങൾക്ക് ഒന്നും പോകുന്ന പ്രകൃതവുമല്ല. കൊമ്പനെ വർഷങ്ങളായി എനിക്ക് അറിയുന്നതാണ്. ഇനി കൃത്യമായ ചികിത്സയും വിശ്രമവും നൽകിയ ശേഷമാവും തുടർ നടപടികൾ.