വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി : ജോബ് ഡ്രൈവുകള്‍ക്ക് തുടക്കമായി

തിരുവല്ല :
തിരുവല്ലയില്‍ ഒരു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ജോബ് ഡ്രൈവുകള്‍ക്ക് തുടക്കമായി. ഈ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ തിരുവല്ലയിലെ ആദ്യ ജോബ് ഡ്രൈവ് ഇന്ന് മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് നടന്നു. ഇതിന്റെ ഭാഗമായ അടുത്ത ജോബ് ഡ്രൈവ് 2024 ഒക്റ്റോബര്‍ 19 (ശനിയാഴ്ച) മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് നടക്കും. ബി ടെക്ക്, എം ടെക്ക്, എം ബി എ, ബി ബി എ, എം സി എ, ബി സി എ, നേ‍ഴ്സിങ്ങ്, ഫാര്‍മസി, ഒപ്റ്റോമെട്രി, എം എസ് ഡബ്‍ള്യൂ തുടങ്ങിയ പ്രൊഫഷണല്‍ തൊഴില്‍ അവസരങ്ങളാണ് ഈ ജോബ് ഡ്രൈവിലുണ്ടാകുക. ഇതിന്റെ റജിസ്ട്രേഷനും അപേക്ഷകളും ഉടന്‍ സ്വീകരിച്ചു തുടങ്ങും.
ഇന്നത്തെ ജോബ് ഡ്രൈവില്‍ അഞ്ഞൂറിലേറെ തൊഴിലന്വേഷകര്‍ ആണ് പങ്കെടുത്തത്. സ്പോട്ട് റജിസ്ട്രേഷനില്‍ മാത്രം 110 പേര്‍ ജോബ് ഡ്രൈവില്‍ പങ്കെടുത്തു. മുപ്പത്തിമൂവായിരത്തിലേറേ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഡ്രൈവില്‍ മുപ്പത് കമ്പനികള്‍ പങ്കെടുത്തു. എസ്എസ്എല്‍സി, പ്ലസ് ടു, ഐറ്റിഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കു വേണ്ടിയുള്ള തൊഴിലവസരങ്ങളാണ് ജോബ് ഡ്രൈവില്‍ ഉണ്ടായിരുന്നത്. തിരുവല്ല മാര്‍ത്തോമ്മാ കോളേജിലെ മെയിന്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ജോബ് ഡ്രൈവ് നടന്നത്. തൊഴിലന്വേഷകരെ സഹായിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കോളേജിലെ എന്‍ സി സി, എന്‍ എന്‍ എസ് വിദ്യാര്‍ത്ഥികളുടെ 150 അംഗ വോളന്റിയേഴ്സ് നേതൃത്വം നല്‍കിയിരുന്നു. കെ ഡിസ്ക്ക് , കെ കെ ഇ എം, സി ഐ ഐ, ഐ സി റ്റി അക്കാഡമി, ജോബ് സ്റ്റേഷന്‍ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥര്‍, വിജ്ഞാന പത്തനംതിട്ട റിസോര്‍സ്സ് പേര്‍സണ്‍സ്, പി എം യു അംഗങ്ങള്‍, കോളേജിലെ അദ്ധ്യപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ ജോബ് ഡ്രൈവിന് നേതൃത്വം നല്‍കി. തൊഴിലന്വേഷകരെ കോളേജിലേക്ക് എത്തിക്കുന്നതിന് രാവിലെ തിരുവല്ല കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നിന്നും സൗജന്യമായി ബസ്‍ സര്‍വീസും ഉണ്ടായിരുന്നു.
രാവിലെ 9.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ ജോബ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. മൈഗ്രേഷന്‍ കോണ്‍ക്ളേവ് ചെയര്‍മാന്‍ എ പദ്മകുമാര്‍, എക്സ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രക്ഷാധികാരി ഡോ. തോമസ് ഐസക്ക്, കോളേജ് പ്രിന്‍സിപ്പല്‍ ടി കെ മാത്യു വര്‍ക്കി, മാര്‍ത്തോമ്മാ കോളേജ്‍ ഗവേണിങ്ങ് കൗണ്‍സില്‍ ട്രഷറര്‍ തോമസ് കോശി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മാര്‍ത്തോമ്മാ കോളേജ്‍ ഗവേണിങ്ങ് കൗണ്‍സില്‍ അംഗം മനീഷ് ജേക്കബ് സ്വാഗതവും, വിജ്ഞാന പത്തനംതിട്ട ഡി എം സി ഹരികുമാര്‍ ബി കൃതജ്ഞതയും രേഖപ്പെടുത്തി. ജില്ലയിലെ വിവിധ ജനപ്രതിനിധികളെ കൂടാതെ രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles