വൈക്കം: വൈക്കം നഗരസഭ 15-ാം വാർഡിൽ തോട്ടുവക്കം പെരുമശേരി ക്ഷേത്രത്തിന് സമീപം കേന്ദ്ര ഫണ്ടുപയോഗിച്ച് സജ്ജമാക്കിയ പെരുമശേരി നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനം തുടങ്ങി. കേന്ദ്രം നഗരസഭയ്ക്ക് അനുവദിച്ച രണ്ട് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തേത് എട്ടാം വാർഡിൽ കഴിഞ്ഞവർഷം ഡിസംബറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. സി. കെ.ആശ എംഎൽഎയുടെ അധ്യക്ഷതയിൽ ആശുപത്രി അങ്കണത്തിൽ നടന്ന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി ആശുപത്രി ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭ കൗൺസിലർമാരായ സിന്ധു സജീവൻ, ലേഖ ശ്രീകുമാർ, ബിന്ദു ഷാജി, എബ്രഹാം പഴയ കടവൻ, ആർ. സന്തോഷ്, ബി. ചന്ദ്രശേഖരൻ,രാധിക ശ്യാം , പി. എസ്. രാഹുൽ, ജില്ലാ മെഡിക്കൽ ഓഫീസർ, എൻആർഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകർ തുടങ്ങിയവർ സംബന്ധിച്ചു. ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി എട്ടുവരെ ആശുപത്രി പ്രവർത്തിക്കും. ഡോക്ടർ, നഴ്സ്,ഫാർമസിസ്റ്റ്, പബ്ലിക് ഹെൽത്ത് വർക്കർ, ക്ലീനിംഗ് അടക്കം അഞ്ച് ജീവനക്കാർ സ്ഥിരമായി ഉണ്ടായിരിക്കും. ടെലി മെഡിസിനടക്കം സംവിധാനങ്ങൾ പിന്നീട് നിലവിൽ വരും. നഗരസഭയുടെ തെക്കൻ മേഖലയിലെ എട്ടു വാർഡുകൾക്കും ടിവി പുരം പഞ്ചായത്ത് നിവാസികൾക്കും ആശുപത്രി അനുഗ്രഹമാകും. ആശുപത്രി ഉപകരണങ്ങളും മരുന്നുകളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.