രണ്ട് ആണവ അന്തർവാഹിനികളും 31 എംക്യു-9ബി സായുധ ഡ്രോണുകളും; രണ്ട് സുപ്രധാന പ്രതിരോധ പദ്ധതികള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സർക്കാർ

ദില്ലി: രണ്ട് സുപ്രധാന പ്രതിരോധ പദ്ധതികള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സർക്കാർ. അമേരിക്കയില്‍ നിന്ന് 31 MQ-9B സായുധ ഡ്രോണുകള്‍ വാങ്ങുന്നതിനും രണ്ട് ആണവ അന്തർവാഹിനികളുടെ നിർമ്മാണത്തിനുമാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് സേനകള്‍ക്കും MQ-9B സായുധ ഡ്രോണുകള്‍ നല്‍കും. ഉത്തർപ്രദേശിലെ രണ്ട് സൈനിക താവളങ്ങളിലേയ്ക്കായി കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് വീതവും ദക്ഷിണേന്ത്യയില്‍ നാവികസേനയ്ക്ക് 15 എണ്ണവുമാണ് ലഭിക്കുക. 2-3 വർഷത്തിനുള്ളില്‍ MQ-9B ഡ്രോണുകള്‍ എത്തിത്തുടങ്ങും.

Advertisements

MQ-9 റീപ്പറിൻ്റെ ആധുനിക വകഭേദമാണ് MQ-9B ഡ്രോണുകള്‍. ഇന്ത്യയുടെ നിരീക്ഷണവും ആക്രമണ ശേഷിയും വർദ്ധിപ്പിക്കാൻ MQ-9B ഡ്രോണുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഡ്രോണിൻ്റെ സീ ഗാർഡിയൻ, സ്കൈ ഗാർഡിയൻ വേരിയൻ്റുകള്‍ കരാറിലുണ്ടെന്നാണ് സൂചന. ഇവയ്ക്ക് ഏകദേശം 5,670 കിലോഗ്രാം ഭാരം വഹിക്കാനും മണിക്കൂറില്‍ 275 മൈല്‍ (ഏകദേശം 440 കി.മീ) വരെ വേഗതയില്‍ പറക്കാനും കഴിയും. 40,000 അടി ഉയരത്തില്‍ വരെ പറക്കാൻ ഈ ഡ്രോണുകള്‍ക്ക് കഴിയും. മാത്രമല്ല, 40 മണിക്കൂറാണ് ഈ ഡ്രോണുകള്‍ തുട‍ർച്ചയായി പ്രവ‍ർത്തിപ്പിക്കാൻ സാധിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

MQ-9B ഡ്രോണുകളില്‍ നാല് ഹെല്‍ഫയർ മിസൈലുകളും ലേസർ ഗൈഡഡ് ബോംബുകളും വരെ സജ്ജീകരിക്കാനാകും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഈ ഡ്രോണുകള്‍ സ്വന്തമാക്കാൻ 3.1 ബില്യണ്‍ ഡോളർ ചെലവ് വരുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചതോടെ ഇനി ഡ്രോണുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക ചർച്ചകളിലേയ്ക്ക് ഇരുരാജ്യങ്ങളും കടക്കും. നിർമ്മാതാക്കള്‍ തന്നെ ഡ്രോണുകളുടെ അറ്റകുറ്റപ്പണികള്‍ക്കും സൗകര്യമൊരുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ആണവോർജ്ജത്തില്‍ പ്രവർത്തിക്കുന്ന രണ്ട് അന്തർവാഹിനികള്‍ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കും. ആണവോർജ്ജത്തില്‍ പ്രവർത്തിക്കുന്ന അന്തർവാഹിനിക്ക് വളരെയധികം സവിശേഷതകളുണ്ട്. ഇവയ്ക്ക് വെള്ളത്തിനടിയില്‍ വളരെക്കാലം നിലനില്‍ക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. മാത്രമല്ല അവയെ കണ്ടെത്തുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടുമാണ്.

Hot Topics

Related Articles