വന്യമൃഗ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീകരണം, ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ 16ന് നിർവഹിക്കും

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്നതും 30 കിലോമീറ്ററിലധികം ദൂരത്തിലുള്ള ജനവാസ മേഖലകളുമായി അതിർത്തി പങ്കിടുന്നതുമായ വനമേഖ പൂർണ്ണമായും വന്യമൃഗ ശല്യങ്ങളിൽ നിന്നും സുരക്ഷിതമാക്കുന്ന സുരക്ഷിതത്വ ക്രമീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 16-)o തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോരുത്തോട്ടിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. സമീപകാലത്തായി വന്യ മൃഗ ശല്യം അതിരൂക്ഷമാവുകയും നൂറുകണക്കിന് ഏക്കറിലെ കൃഷികൾ വന്യമൃഗങ്ങൾ നശിപ്പിക്കുകയും , അതുവഴി കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ 2 ആളുകൾ കൊല്ലപ്പെടുകയും,പല പ്രദേശങ്ങളിലും വന്യമൃഗ ആക്രമണം മൂലം ആളുകൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ജനവാസ മേഖലയിൽ നിന്നും പുലിയെ കൂട് വച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം മനുഷ്യ-വന്യജീവി സംഘർഷം മൂലം വനമേഖലയുമായി ബന്ധപ്പെട്ട 10000 ത്തോളം കുടുംബങ്ങളിലെ ആളുകൾ വലിയ ഭീതിയിലും ദുരിതത്തിലും ആയതിനെ തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് വന മേഖലയുമായി അതിർത്തി പങ്കിടുന്ന കൃഷിഭൂമികളും ജനവാസ മേഖലകളും പൂർണ്ണമായും സംരക്ഷിക്കത്തക്ക നിലയിൽ നിലവിലുള്ള സോളാർ ഫെൻസുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും കൂടാതെ , പുതിയ ഹാങ്ങിങ് ഫെൻസിങ്ങുകൾ, കിടങ്ങുകൾ മുതലായവ സ്ഥാപിച്ച് കൃഷിഭൂമിക്കും, മനുഷ്യജീവനും സംരക്ഷണം ഒരുക്കുന്നതിനുള്ള വിശദമായ പദ്ധതി തയ്യാറാക്കി വനം വകുപ്പിൽ സമർപ്പിച്ച് അംഗീകാരം നേടിയെടുക്കുകയായിരുന്നു. ഇതുപ്രകാരം ആകെ 7.34 കോടി രൂപയാണ് പദ്ധതിക്കായി ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിലേക്കായി വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, കൃഷിവകുപ്പിന്റെ കൃഷി സംരക്ഷണത്തിനായുള്ള രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി മുഖേനയുള്ള ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് സമ്പൂർണ്ണ സംരക്ഷണ സംവിധാനം ഒരുക്കുന്നത്. കൃഷിവകുപ്പ് ഫണ്ട് വന്യമൃഗ ശല്യത്തിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് വേണ്ടി തുക വിനിയോഗിക്കുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടാണ്. കൃഷി വകുപ്പ് ഫണ്ട് ലഭ്യമാക്കുന്നതിന് എംഎൽഎ മുൻകൈയെടുത്ത് വലിയ പരിശ്രമം നടത്തി തടസ്സങ്ങൾ പരിഹരിച്ച്, പ്രത്യേക അനുമതി നേടി ഫണ്ട് ലഭ്യത ഉറപ്പുവരുത്തുകയായിരുന്നു. ഈ പദ്ധതിയിലൂടെ വനമേഖലയും ജനവാസമേഖലയുമായി അതിർത്തി പങ്കിടുന്ന അഴുതക്കടവ്, കാളകെട്ടി, കണ്ടങ്കയം, മതമ്പ , കണ്ണാട്ട് കവല , പന്നിവെട്ടുംപാറ, കൊമ്പുകുത്തി,മതമ്പ, മഞ്ഞളരുവി, കുളമാക്കൽ, വണ്ടൻപതാൽ, കരിനിലം, പുലിക്കുന്ന്, കണ്ണിമല, വെള്ളനാടി എസ്റ്റേറ്റ്, മമ്പാടി എസ്റ്റേറ്റ്, പാക്കാനം, ചീനിമരം, പായസപ്പടി, എലിവാലിക്കര, ശാന്തിപുരം, മൂന്നോലി എസ്റ്റേറ്റ്, കീരിത്തോട് , കൊപ്പം, ഇരുമ്പൂന്നിക്കര, തുമരംപാറ, കോയിക്കക്കാവ് തുടങ്ങി വനമേഖലയുമായി അതിർത്തി പങ്കിടുന്ന എല്ലാ പ്രദേശങ്ങളിലും ഓരോ പ്രദേശങ്ങളുടെയും സാഹചര്യങ്ങൾക്ക് അനുസൃതമായി സോളാർ ഫെൻസിങ്ങ്, ഹാങ്ങിങ് ഫെൻസിങ്ങ് , കിടങ്‌ തുടങ്ങിയവ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റിന് കീഴിലുള്ള പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ നിയോജകമണ്ഡലത്തിലെ കാർഷിക മേഖലകളും, ജനവാസ മേഖലകളും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടും. ഇതിൽ കണ്ണാട്ടുകവല, പന്നിവെട്ടുപാറ, കൊമ്പുകുത്തി ഭാഗത്തും, മമ്പാടി മുതൽ പാക്കാനം വരെയും, മഞ്ഞളരുവി മുതൽ കുളമാക്കൽ വരെയും ആന പ്രതിരോധ കിടങ്ങുകളും, ബാക്കി എല്ലാ ഭാഗങ്ങളിലും തൂക്കു സൗരവേലിയുമാണ് നിർമ്മിക്കുക. തൂക്കുവേലി നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് ഏകദേശം 9 ലക്ഷം രൂപയും, കിടങ്ങ് നിർമ്മാണത്തിന് ഏകദേശം 25 ലക്ഷം രൂപയുമാണ് നിർമ്മാണ ചിലവ് വരിക. കിടങ്ങുകൾ രണ്ടു മീറ്റർ ആഴത്തിലും രണ്ടുമീറ്റർ വീതിയിലും നിർമ്മിക്കും. തൂക്കുവേലികൾ 15 അടി ഉയരത്തിലുമാണ് സ്ഥാപിക്കുക. ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് ലക്ഷ്യമിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പിലാക്കി കഴിയുമ്പോൾ വനമേഖലയും ജനവാസ മേഖലയും തമ്മിൽ വേർതിരിച്ച് പൂർണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കപ്പെട്ട സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

Advertisements

Hot Topics

Related Articles