പമ്പ്: വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിക്കുകയും, കടന്നു പിടിക്കുകയും ചെയ്ത അട്ടത്തോടെ സ്വദേശിയെ പമ്പ പൊലീസ് പിടികൂടി. അട്ടത്തോട് കിഴക്കേക്കര കോളനിയിൽ കിടങ്ങിൽ വീട്ടിൽ സുരേന്ദ്രൻ മകൻ അജിത് (31) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിൽ ആളില്ലാത്ത സമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതി, പെൺകുട്ടിയെ ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. അയൽവാസിയാണ് ഇത്തരത്തിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി ഉയർന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പമ്പ പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥാണ് കേസ് എടുത്തതും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതും. അന്വേഷണസംഘത്തിൽ എസ് ഐ ടി അനീഷ്, എ എസ് ഐ മാരായ അനൂപ് രാഘവൻ, അജി ജോസ്, സുഭാഷ് എസ് സി പി ഓ അനിൽ കുമാർ, സിപിഓ മാരായ അരുൺദേവ്, മനു എന്നിവർ ഉണ്ടായിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ എല്ലാത്തരം അതിക്രമങ്ങളും ശക്തമായി തടയുന്നതിലൂടെ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു. ലൈംഗികാതിക്രമങ്ങളിൽ കുറ്റക്കാർക്കെതിരെ ഉടനടി നടപടി കൈകൊള്ളുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.