കോട്ടയം: ഹിൽമെന്റ് സെറ്റിൽമെന്റ് പട്ടയങ്ങൾ കൊടുത്തുതീർക്കാനാണ് സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സർക്കാർ പ്രത്യേക തസ്തികകൾ സൃഷ്ടിച്ച് മുണ്ടക്കയത്ത് ഭൂമി പതിവ് സ്‌പെഷ്യൽ തഹസീൽദാർ ഓഫീസ് ആരംഭിച്ചതെന്നു റവന്യൂ-ഭവനനിർമാണവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ. ജില്ലാതല പട്ടയമേളയും മുണ്ടക്കയം സ്‌പെഷ്യൽ തഹസീൽദാരുടെ കാര്യാലയത്തിന്റെ ഉദ്ഘാടനവും മുണ്ടക്കയം റവന്യൂ ടെർമിനലിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കാഞ്ഞിരപ്പളളി താലൂക്കിലെ എരുമേലിതെക്ക്, എരുമേലിവടക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ വ്യാപിച്ചു കിടക്കുന്ന 1459 ഹെക്ടർ ഹിൽമെൻ സെറ്റിൽമെന്റ്‌റ് ആണ് 20/20 ഉത്തരവിന്റെ അടിസ്ഥാനത്തിൽ പതിച്ചു കൊടുക്കാൻ തീരുമാനിച്ചിട്ടുളളത്. നിലവിൽ 7,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 20-20 ഉത്തരവിന് ആവശ്യമായ ഭേദഗതികൾ വരുത്തിയതോടെ പട്ടയം കൊടുക്കാനാകും എന്ന സ്ഥിതി വന്നു. എന്നാൽ അതിന് നിലവിലുള്ള റവന്യൂ സംവിധാനങ്ങൾ പോരാതെ വന്നതോടെയാണ് 17 അധിക തസ്തികകൾ സൃഷ്ടിച്ച് സ്‌പെഷൽ തഹസീൽദാർ ഓഫീസ് ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളം രൂപീകൃതമായശേഷം ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്ത സർക്കാരാണിത്. മൂന്നര വർഷക്കാലം കൊണ്ട് ഒരു ലക്ഷത്തി എൺപതിനായിരത്തി എഴുന്നൂറ്റി എഴുപത് പട്ടയങ്ങൾ ആണ് വിതരണം ചെയ്തത്. അഞ്ചു വർഷക്കാലം കൊണ്ട് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തു എന്നതിന്റെ ബഹുമതി അഞ്ചു വർഷക്കാലം കൊണ്ട് ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം പട്ടയങ്ങൾ വിതരണം ചെയ്ത കഴിഞ്ഞ സർക്കാരിനാണ്. കേരളത്തിൽ റവന്യൂ വകുപ്പ് സമാനതകൾ ഇല്ലാത്ത നേട്ടത്തിന് അർഹമായ കാലമാണിതെന്നും മന്ത്രി പറഞ്ഞു.കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കുകളിലായി 313 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങിൽ സബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ്, സി.എം. ജാൻസി, ജിജിമോൾ സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ആസൂത്രണ സമിതി അംഗം കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രത്‌നമ്മ രവീന്ദ്രൻ, ജൂബി അഷറഫ്, പി കെ പ്രദീപ്, ഗ്രാമ പഞ്ചായത്തംഗം ഷീബാ ദിഫായിൻ, മലയോര പട്ടയ ജനകീയ സമിതി സെക്രട്ടറി കെ. രാജേഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ, വി. ബി. ബിനു, പി എസ് സുരേന്ദ്രൻ, ടി കെ ശിവൻ ചാർലി കോശി, കെ എസ് രാജു, ഷാജി അറത്തിൽ, റോയി ചാക്കോ ടിസി സെയ്ദ് മുഹമ്മദ്, സിജു കൈതമറ്റം എന്നിവർ പ്രസംഗിച്ചു.