കോട്ടയം : കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി മൂന്നു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് പൊന്മല ഭാഗത്ത് പിണ്ടിയോക്കരയിൽ വീട്ടിൽ വിഷ്ണു സോമൻ (25) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം മൂന്നു മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും. ഇയാളെ 2018 മാർച്ച് മാസം 21 ന് പൊൻകുന്നം ചെമ്പൂപ്പാറ ഭാഗത്തുള്ള വെയ്റ്റിംഗ് ഷെഡിൽ വച്ച് വില്പനക്കായി കൊണ്ടുവന്ന 1.150 കി.ഗ്രാം കഞ്ചാവുമായി അന്നത്തെ പൊൻകുന്നം സ്റ്റേഷൻ എസ്.ഐ ആയിരുന്ന എസി മനോജ് കുമാറും സംഘവും പിടികൂടുകയായിരുന്നു. തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്ന് പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച് .ഓ ആയിരുന്ന വിജയരാഘവനാണ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജി ഹരികുമാർ കെ.എൻ ആണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി.