കോട്ടയം: വടവാതൂരിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് നിർമ്മാണ സൈറ്റിൽ നിന്ന് റോഡിലേയ്ക്ക് വെള്ളം ഒഴുക്കി വിടുന്നതായി പരാതി. ഇതേ തുടർന്ന് കെ.കെ റോഡ് തകർന്നതായും നാട്ടുകാർ. കെ.കെ റോഡിൽ വടവാതൂർ കവലയ്ക്ക് സമീപത്താണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് നിർമ്മാണം പുരോഗമിക്കുന്നത്. ഈ ഫ്‌ളാറ്റ് നിർമ്മാണ സൈറ്റിൽ നിന്നാണ് ഉറവ വെള്ളം റോഡിലേയ്ക്ക് ഒഴുക്കി വിടുന്നത്. ഇതു സംബന്ധിച്ചു നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും കോൺഫിഡന്റ് ഗ്രൂപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. റോഡരികിനോട് ചേർന്നാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് നിർമ്മാണം പുരോഗമിക്കുന്നത്. ഈ ഫ്‌ളാറ്റിന്റെ നിർമ്മാണ സൈറ്റിനുള്ളിൽ നിന്നും പുറത്തേയ്ക്ക് വെള്ളം ഒഴുക്കി വിടുന്നത് അടക്കമുള്ള വീഡിയോ നാട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ പമ്പ് ഉപയോഗിച്ച് റോഡിലേയ്ക്ക് ഈ വെള്ളം പമ്പ് ചെയ്ത് കളയുകയാണ് എന്നാണ് നാട്ടുകാരുടെ പരാതി. ഇതോടെ വെള്ളവും മണ്ണും റോഡിൽ പരന്ന് ഒഴുകുന്നത് പതിവാണ്. ഇതേ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും കോൺഫിഡന്റിന്റെ ഭാഗത്ത് നിന്നോ അധികൃതരുടെ ഭാഗത്ത് നിന്നോ അനുകൂല സമീപനം ഉണ്ടായിട്ടിട്ടില്ല. റോഡ് തകർന്നതോടെ വടവാതൂർ കവയ്ക്കു സമീപത്തെ റോഡ് ഗതാഗതവും ദുഷ്‌കരമായി. വിഷയത്തിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.