കോട്ടയം: ജനങ്ങളുടെ പരാതി കേട്ട് സഹികെട്ട പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെജനപ്രതിനിധികൾ കോട്ടയം കലക്ടറേറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി . പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ഗ്രാമ പഞ്ചായത്തിന്റെ ഒരു വാർഡിൽ ഉപതെരഞ്ഞെടുപ്പ് കൂടി വന്നതോടെ മൂന്നു മാസത്തോളം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം പദ്ധതി പ്രവർത്തനം നിലച്ചു . അതിനു ശേഷം ഇപ്പോൾ സ്പിൽ ഓവർ ഉൾപ്പെടെ ഇരുനൂറോളം റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ മുന്നൊരുക്കം ദ്രുതഗതിയിൽ നടത്തേണ്ട എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജീവനക്കാരില്ലാതായിട്ട് ഒന്നര മാസമായി . അസിസ്റ്റന്റ് എഞ്ചിനീയറെയും ഓവർസിയറെയും സ്ഥലം മാറ്റി. പകരം ആളെ നിയമിച്ചിട്ടില്ല . പഞ്ചായത്താഫീസിലെ ധനവിനിയോഗം നടത്തേണ്ട പ്രധാന തസ്തികയായ അക്കൗണ്ടന്റിനെയും സ്ഥലം മാറ്റി. ഒന്നരമാസം കഴിഞ്ഞിട്ടും പുതിയ ആളെ നിയമിച്ചിട്ടില്ല .വീട് നിർമ്മാണത്തിന് അനുവാദം ലഭിക്കുവാനും നിർമ്മാണം പൂർത്തീകരിച്ചവരുമായി അപേക്ഷ സമർപ്പിച്ച നിരവധിയാളുകൾ പഞ്ചായത്താഫീസിലെത്തി ജന പ്രതിനിധികളോടു പരാതി പറയുന്നു . നിരന്തരം ജനങ്ങളുടെ പരാതി കേട്ട് സഹികെട്ട പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ കോട്ടയം കലക്ടറേറ്റ് പടിക്കൽ സമരത്തിനെത്തുകയായിരുന്നു . പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് ഭരണ സമിതിയെ പ്രതിസന്ധിയിലാക്കുവാനുള്ള സി പി എം ന്റെ രാഷ്ട്രീയ നീക്കത്തിന്റെ തുടർച്ചയാണിതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനിമാമനും വൈസ് പ്രസിഡന്റ് റോയിമാത്യുവും ആരോപിച്ചു .കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ അദ്ധ്യക്ഷത വഹിച്ചു . കോൺഗസ് നേതാക്കളായ സിബി ജോൺ ,ഇട്ടി അലക്സ് , ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു , സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രിയാ മധു , എബിസൺ കെ ഏബ്രഹാം , ജീനാ ജേക്കബ് പഞ്ചായത്തംഗങ്ങളായ പി ജി അനിൽകുമാർ , ബോബി സ്കറിയ , മിനി ഇട്ടിക്കുഞ്ഞ് , ബിനിമോൾ , ജയന്തി ബിജു , മഞ്ജു രാജേഷ് എന്നിവർ നേതൃത്വം നൽകി .