പത്തനംതിട്ട: പമ്പയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശബരിമല തീർഥാടകനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിലിൻറെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഒൻപതംഗ സംഘം റാന്നി മാടമൻ ക്ഷേത്രക്കടവിന് സമീപം പമ്ബയിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ പമ്ബയിൽ ശക്തമായ ഒഴുക്കുണ്ട്. ആഷിൽ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഒഴുക്കിൽപ്പെട്ട് കാണാതായ ആഷിലിനെ കണ്ടെത്താൻ ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾക്കൊപ്പം ശനിയാഴ്ചയാണ് ആഷിൽ ശബരിമലയിൽ എത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട മെഡിക്കൽ കോളജിലേക്ക് മാറ്റി.