കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ സ്വകാര്യ ബസുകളുടെ അനധികൃത സ്റ്റോപ്പ് അപകക്കെണിയാകുന്നു. സ്റ്റാൻഡിനു മുന്നിൽ അനധികൃതമായി സ്വകാര്യ ബസ് നിർത്തി ആളെക്കയറ്റിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. കെ.എസ്.ആർ.ടി.സി അധികൃതർ ജില്ലാ പൊലീസ് മേധാവിയ്ക്കും കോട്ടയം വെസ്റ്റ് പൊലീസിലും വിഷയത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. നിലവിൽ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ സ്വകാര്യ ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. എന്നാൽ, പലപ്പോഴും ചങ്ങനാശേരി ഭാഗത്തേയ്ക്കുള്ള സ്വകാര്യ ബസുകൾ സ്റ്റാൻഡിനു മുന്നിൽ ബസ് നിർത്തി യാത്രക്കാരെ വിളിച്ചു കയറ്റാറുണ്ട്. ഇത്തരത്തിൽ ബസ് നിർത്തുന്നത് മൂലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും പുറത്തേയ്ക്കിറങ്ങുന്ന ബസുകളുടെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായാണ് പരാതി. ഇത്തരത്തിൽ ബസുകൾ സ്റ്റാൻഡിനു മുന്നിൽ നിർത്തുന്നത് മൂലം എംസി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്വകാര്യ ബസുകളുടെ അനധികൃത സ്റ്റോപ്പ് ഒഴിവാക്കാൻ ഇടപെടണമെന്ന ആവശ്യം ഉയരുന്നത്.