ഇന്ത്യയിലെ ഒട്ടുമിക്ക സർവ്വകലാശാലകൾക്കും പ്രവർത്തന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇനി അഥവാ ഓഫ് ക്യാമ്പസ് സെന്ററുകൾ പ്രവർത്തനപരിധിക്ക് പുറത്ത് നടത്തണമെങ്കിൽ വ്യക്തമായ സൗകര്യങ്ങൾ ഒരുക്കി സർവകലാശാലകൾ നേരിട്ട് സ്വന്തം ജീവനക്കാരെ വച്ച് നടത്തണമെന്നാണ് നിയമം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി അന്യസംസ്ഥാന സർവകലാശാലകളുടെയും, ഡീംഡ് സർവ്വകലാശാലകളുടെയും അനധികൃത സ്വകാര്യ പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോട്ടയം നഗരത്തിൽ കൂണ് പോലെ മുളച്ചുപൊങ്ങുകയാണ്. ലക്ഷക്കണക്കിന് രൂപ വാങ്ങി വിദ്യാർത്ഥികളെ വഞ്ചിക്കുന്ന ഈ വിദ്യാഭ്യാസ കൊള്ളക്കെതിരെ സർക്കാർ അധികൃതർ കണ്ണടയ്ക്കുന്നതിന് പിന്നിൽ അഴിമതി ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.ഫീസനത്തിൽ വാങ്ങുന്നത് ലക്ഷങ്ങൾലക്ഷക്കണക്കിന് രൂപ ഫീസിനത്തിൽ വാങ്ങിയാണ് കോട്ടയത്തെ പ്രമുഖ സ്ഥാപനം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഇത്തരം വഞ്ചിക്കുന്നത്. ആവശ്യത്തിന് സൗകര്യങ്ങളോ, യോഗ്യതയുള്ള അധ്യാപകരോ സ്ഥാപനങ്ങളിൽ ഇല്ല. പലപ്പോഴും സ്വകാര്യ ലാബുകളുടെ മറവിൽ ആണ് ഇത്തരം തട്ടിക്കൂട്ട് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കോടി കണക്കിന് രൂപ ചെലവുള്ള ലാബുകൾ ഒരുക്കി വിദ്യാഭ്യാസം നേടേണ്ട മെഡിക്കൽ ലാബ് ടെക്നോളജി, ഇമേജിങ് ആൻഡ് റേഡിയോളജി, ഡയാലിസിസ് ടെക്നോളജി എന്നിങ്ങനെ അഡ്വാൻസ്ഡ് ഡിഗ്രി കോഴ്സുകളാണ് ഇവിടെ തട്ടിക്കൂട്ട് സെറ്റപ്പിൽ നടത്തുന്നത്.യുജിസി, പി എസ് സി അംഗീകൃതം എന്ന് വ്യാജ അവകാശവാദങ്ങൾയുജിസി അംഗീകൃതം പിഎസ്‌സി അംഗീകൃതം എന്നിങ്ങനെ നിരവധി വ്യാജ അവകാശവാദങ്ങളാണ് സ്ഥാപനം ഉയർത്തുന്നത്. അന്യസംസ്ഥാനത്തെ യൂണിവേഴ്സിറ്റി അധികൃതർ കൂടി അറിഞ്ഞുള്ള അഴിമതിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ. ഇവിടെ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾ അന്യസംസ്ഥാന സർവകലാശാലകളിലെ വിദ്യാർത്ഥികളായി രജിസ്റ്റർ ചെയ്യപ്പെടുകയും അവിടെ പഠനം നടക്കുന്നു എന്ന് വ്യാജരേഖകൾ ചമക്കുകയും ചെയ്യുന്നു. പ്രാക്ടിക്കൽ ക്ലാസുകൾക്കായി പലപ്പോഴും ഏതെങ്കിലും ആശുപത്രിയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ ഇവരെ പറഞ്ഞുവിട്ടു പേരിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയ ശേഷം പഠനം പൂർത്തിയായി എന്ന് വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ധരിപ്പിക്കുന്നു. രേഖകൾ പ്രകാരം വിദ്യാർത്ഥികൾ അന്യസംസ്ഥാനത്ത് പഠിക്കുകയും അന്യസംസ്ഥാനത്ത് പരീക്ഷ എഴുതുകയും ചെയ്യുന്നു എന്ന് വരുത്തുമ്പോൾ തന്നെ ഇവിടെ ഏതെങ്കിലും തട്ടിൻപുറത്ത് ഏതെങ്കിലും ഒരു അന്യസംസ്ഥാനക്കാരനെ യൂണിവേഴ്സിറ്റി പ്രതിനിധിയായി എത്തിച്ചുകൊണ്ട് പരീക്ഷ നടത്തുകയും നോക്കി എഴുതാനുള്ള സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് ഒരുക്കി കൊടുക്കുകയും ചെയ്യുന്നു. കോപ്പിയടിച്ചു പരീക്ഷ പാസായി ഒരു സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും പ്രായോഗിക പരിജ്ഞാനവും, വിഷയ അവഗാഹവും ഇല്ലാത്ത ഇത്തരം കുട്ടികൾ പലരും തൊഴിൽ പോലും കണ്ടെത്താൻ ആവാതെ മറ്റ് മേഖലകളിലേക്ക് ചേക്കേറുകയാണ് പതിവ്. നാളെ: