ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ദേവസ്വം ബഞ്ച് ഉത്തരവ്. 2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേയ്ക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.
ഹൈക്കോടതി ഉത്തരവോടെ ഏകദേശം 700 ചെറുവാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ കഴിയും. 24 മണിക്കൂർ നേരം ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താത്കാലികമായാണ് അനുമതിയെന്നും ഗതാഗതക്കുരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഹിൽടോപ്പിന്റെ തുടക്കത്തിൽ 10 കെഎസ്ആർടിസി ബസുകൾക്ക് പാർക്ക് ചെയ്യാനും അനുമതി നൽകി. വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തിരക്കൊഴിവാക്കാനും ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്താനും വിവിധ വകുപ്പുകൾക്ക് കോടതി നിർദ്ദേശം നൽകി. ദേവസ്വവും പൊലീസും സംയുക്തമായി പാർക്കിങ് നിയന്ത്രിക്കണമെന്നും കോടതി നിർദ്ദേശിച്ചു.