പമ്പ : ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് വൃത്തിയുമായി ബന്ധപ്പെട്ട് പരാതികളില്ല. പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ നിയമിക്കപ്പെട്ട വിശുദ്ധി സേന വാളണ്ടിയർമാരാണ് 24 മണിക്കൂറും പ്രവർത്തിച്ച് ശബരിമലയും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ദേവസ്വം ബോർഡുമായി ചേർന്നാണ് സംഘം പ്രവർത്തിക്കുന്നത്. ബോർഡാണ് ഇവർക്കുള്ള പ്രതിഫലത്തുക നൽകുന്നത്. ജില്ല കളക്ടറുടെ സൂക്ഷ്മ നിരീക്ഷണത്തോടെ സന്നിധാനത്തുള്ള ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.എൽ. സജികുമാർ ആണ് മണ്ഡലകാലത്തിന്റെ തുടക്കത്തിൽ സന്നിധാനത്ത് വിശുദ്ധി സേനയുടെ ചുമതലയിലുള്ളത്. വൃത്തിരഹിതമായ സ്ഥലങ്ങൾ കണ്ടെത്തി മാലിന്യ രഹിതമാക്കുകയാണ് ശബരിമല വിശുദ്ധി സേനയുടെ പ്രധാന ദൗത്യം. ശേഖരിക്കുന്ന മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ആയിരം ജീവനക്കാരെയാണ് വിശുദ്ധി സേനയിലേക്ക് നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത്് മാത്രം 300 വോളണ്ടിയർമാർ പ്രവർത്തിക്കുന്നു.പമ്പയിൽ 210,നിലയ്ക്കൽ ബേസിൽ 450,പന്തളം 30,കുളനട 10 എന്നിങ്ങനെയാണ് ആളെ നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്തെ 17 സെഗ്മെന്റുകളായി തിരിച്ചാണ് വിശുദ്ധി സേനയുടെ പ്രവർത്തനം. ഓരോ സെഗ്മെന്റുകളിലും സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. തിരുമുറ്റം, നടപ്പന്തൽ, മാളികപ്പുറം ഭാഗത്ത് 24 മണിക്കൂറും ഇവരുടെ സാന്നിധ്യം കാണാം. നടപ്പന്തലിൽ അയ്യപ്പൻമാർ വിരിവയ്ക്കുകയും മറ്റും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്ലാസ്്റ്റിക്കും അല്ലാതുള്ള മാലിന്യവും ഇവർ അപ്പപ്പോൾ തന്നെ നീക്കം ചെയ്യുന്നു. മാലിന്യം നീക്കുന്നതിന് 5 ട്രാക്ടറുകളും ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജില്ല കളക്ടർ ചെയർമാനും അടൂർ ആർ.ഡി.ഓ ബി.രാധാകൃഷ്ണൻ മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിട്ടേഷൻ സൊസൈറ്റി ഇതിന്റെ മേൽ നോട്ടത്തിനായി പ്രവർത്തിക്കുന്നു.