കോട്ടയം: കൊല്ലാട് പരുത്തുംപാറ കല്ലുങ്കൽക്കടവിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പനച്ചിക്കാട് പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മിറ്റി അംഗത്തിന്റെ ഭർത്താവിന്റെ സംസ്കാരം നാളെ നടക്കും. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്റെ ഭർത്താവും അഞ്ചാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ വാർഡ് പ്രസിഡന്റുമായ ചാന്നാനികാട് പുളിവേലിൽ പി പി മധുസൂദനനാ (67) ണ് ഇന്നു രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭൗതിക ദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികളും പോസ്റ്റ് മാർട്ടവും പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് നാളെ നവംബർ 21 വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
ഇന്നു രാവിലെ എട്ടുമണിയോടെയാണ് പനച്ചിക്കാട് പാറയ്ക്കൽക്കടവ് – പരുത്തുംപാറ റോഡിൽ കല്ലുങ്കൽക്കടവിൽ നിയന്ത്രണം വിട്ട കാർ ആദ്യം വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത ശേഷം സ്കൂട്ടറിൽ എത്തിയ മധുസൂധനനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ കാറിന്റെ അടിയിൽ നിന്നും വലിച്ചു പുറത്ത് എടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലാട് പ്രദേശത്ത് താമസിക്കുന്ന പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗവും കോട്ടയം വെസ്റ്റ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ സിബി ജോണിന്റെ മാതാവിന്റെ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാനാണ് മധുസൂധനൻ ഇവിടെ എത്തിയത്. അപകടത്തിൽപ്പെട്ട കാർ ഡ്രൈവറും ചടങ്ങുകൾക്കായാണ് എത്തിയത്. അപ്രതീക്ഷിതമായി ഇദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ നാടും നാട്ടുകാരും ഒരുപോലെ തേങ്ങുകയാണ്. പൊതുപ്രവർത്തന രംഗത്ത് അടക്കം സജീവമായിരുന്നു ഇദ്ദേഹം. ഏതായാലും ആ വേർപ്പാടിൽ കടുത്ത ദുഖമാണ് സാധാരണക്കാരും കോൺഗ്രസ് പ്രവർത്തകരും അടക്കമുള്ളവർ പങ്കു വയ്ക്കുന്നത്.