വൈക്കം: ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയിലുള്ള കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കംഫർട്ട് സ്റ്റേഷനിലെ സെപ്ടിക് ടാങ്ക് നിറഞ്ഞതോടെ കംഫർട്ട് സ്റ്റേഷൻ അടച്ചു. ഇതോടെ വൈക്കം അഷ്ടമിയ്ക്ക് എത്തുന്ന ഭക്തർ അടക്കമുള്ള സാധാരണക്കാർ ദുരിതത്തിലായി. നവംബർ 19നാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റിക് ടാങ്ക് ക്ലീനേഴ്സ് മസ്ദൂർ സംഘിന്റെ നേതൃത്വത്തിൽ കോട്ടയം ആലപ്പുഴ പത്തനംതിട്ട ഇടുക്കി ജില്ലകളിൽ സമരം ആരംഭിച്ചത്. ഇവിടെ മതിയായ മാലിന്യ സംസ്കരണ സംവിധാനമില്ലെന്നാരോപിച്ചാണ് ഈ സംഘം സമരം ആരംഭിച്ചത്. ഇതോടെയാണ് വൈക്കം നഗരത്തിലെ മാലിന്യ നീക്കം നിലച്ചത്. നഗരസഭയിലെ പൊതുകംഫർട്ട് സ്റ്റേഷനിലാണ് സാധാരണക്കാരായ ആളുകൾ എത്തുന്നത്. ഈ കംഫർട്ട് സ്റ്റേഷനാണ് സെപ്റ്റിക് ടാങ്ക് നിറഞ്ഞത് മൂലം തുറക്കാത്തത്. സമരം തുടരുന്ന സെപ്ടിങ്ക് ടാങ്ക് ടാങ്കർ ഡ്രൈവർമാരെ വൈക്കം ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥർ വിളിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇവർ സമരത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും എന്ന് ഉറപ്പാണ്.