കടപ്രയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
തിരുവല്ല: വീടിന്റെ പേരുമാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിലായി. കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് ആലപ്പുഴ തകഴി സ്വദേശി പി.സി പ്രദീപ്കുമാറിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ നടപടി. ആലപ്പുഴ സ്വദേശിയായ പരാതിക്കാരൻ വീടിന് പേരുമാറ്റി നമ്പരിടുന്നതിന് വേണ്ടിയാണ് കടപ്ര പഞ്ചായത്തിൽ അപേക്ഷ നൽകിയത്. ഇവിടെ സീനിയർ ക്ലർക്കായ പ്രദീപ്കുമാർ അപേക്ഷയ്ക്കായി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 40000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. അപേക്ഷകൻ സംസാരിച്ചത് അനുസരിച്ച് തുക 25000 രൂപയാക്കി കുറച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യഗഡുവായ 10000 രൂപ നൽകി. അപേക്ഷ അനുവദിക്കണമെങ്കിൽ രണ്ടാം ഗഡുവായ 15000 രൂപ ഉടനടി നൽകണമെന്നാവശ്യപ്പെട്ട് ഇവർ രംഗത്ത് എത്തുകയായിരുന്നു. പ്രദീപ് നിരന്തരം ഫോണിൽ വിളിച്ചതോടെയാണ് പരാതിക്കാരൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് ഡിവൈ.എസ്.പി ഹരിവിദ്യാധരന് പരാതി നൽകിയതിനെ തുടർന്നു ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫിനോഫ്തലിൻ പൗഡറിട്ട പണം പരാതിക്കാരന് നൽകി.
പഞ്ചായത്ത് ഓഫിസിനു മുന്നിൽ കാറിലിരുന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈ.എസ്.പി ഹരിവിദ്യാധരൻ, ഇൻസ്പെക്ടർമാരായ അനിൽകുമാർ, രാജീവ് ജെ, അഷറഫ്, എസ്.ഐമാരായ ജലാലുദീൻ റാവുത്തർ, രാജേഷ് വി.ഡി, എ.എസ്.ഐമാരായ അനിൽകുമാർ, രാജേഷ്കുമാർ എൻ, ഷാജി ടി.ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ് കുമാർ, പ്രവീൺ, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് രാമചന്ദ്രൻ, അനീഷ് മോഹൻ, ജിനു, വിനീത് , ഗോപകുമാർ, അജീർ, കിരൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.അറസ്റ്റിലായ ആളെ കോടതിയിൽ ഹാജരാക്കും.