ശബരിമല: കാലാവസ്ഥ വ്യതിയാനങ്ങളെ നേരിട്ട് സുരക്ഷിതമായ തീർഥാടനം സാധ്യമാക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുള്ളതായി ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുൺ എസ്. നായർ പറഞ്ഞു. കാലാവസ്ഥ എത്ര പ്രതികൂലമായാലും തീർഥാടകർക്ക് സുരക്ഷിതമായി ദർശനം നടത്തി മടങ്ങാനുള്ള സജ്ജീകരണങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.മഴയുടെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുടെ സംയുക്തയോഗം പമ്പയിൽ ചേർന്നു. പമ്പാ നദിയിലെ മിന്നൽ പ്രളയ സാഹചര്യങ്ങളെ നേരിടുന്നതിന് പ്രത്യേക കർമപദ്ധതി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ) തയാറാക്കിയിട്ടുണ്ട്. ശബരിമലയിൽ പെയ്യുന്ന മഴയുടെ അളവ് അറിയുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴ മാപിനികളൊരുക്കിയിട്ടുണ്ട്. മഴയുടെ അളവ് മൂന്നുമണിക്കൂർ ഇടവിട്ട് പരിശോധിക്കും. പമ്പ, കക്കി ഡാമുകളിലെ മഴയുടെ അളവ് രണ്ടു മണിക്കൂർ ഇടവിട്ട് പരിശോധിക്കും. ഉൾവനത്തിലെ മഴയുടെ അളവ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മനസിലാക്കും. പമ്പയിൽ കൂടുതൽ നീരൊഴുക്കിന് സാധ്യതയുണ്ടോയെന്ന് നിരന്തരം വിലയിരുത്തും. മഴ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലും അമിതമായി നീരൊഴുക്ക് ഉണ്ടെങ്കിലും ആവശ്യമെങ്കിൽ പമ്പയിൽ സ്നാനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പമ്പയിൽ കുളിക്കുന്ന തീർഥാടകരുടെ സുരക്ഷയ്ക്കായി ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരുടെ സംയുക്ത സംഘത്തെ പമ്പയിലെ കടവുകളിലും ഇരു കരകളിലും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ ജലനിരപ്പ് 24 മണിക്കൂറും ഇറിഗേഷൻ വകുപ്പ് നിരീക്ഷിക്കും. അപകടഘട്ടങ്ങൾ ഉണ്ടായാൽ ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനടക്കം മുന്നൊരുക്കം നടത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ, മരങ്ങൾ വീണുണ്ടാകുന്ന അപകടം, പാമ്പിന്റെ കടിയേൽക്കൽ എന്നിവയടക്കം നേരിടാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തെയും നേരിടാൻ ആരോഗ്യവകുപ്പടക്കമുള്ള വിവിധ വകുപ്പുകൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.