രാജ്യത്തെ തന്നെ ഏറ്റവും മികച്ച സൗകര്യമുള്ള അധുനിക കേന്ദ്രീയ വിദ്യാലയം കോന്നിയില്‍: അടുത്ത അധ്യയന വര്‍ഷം പഠനം ആരംഭിക്കും; എംപി അന്റോ ആന്റണി

കോന്നി: വരുന്ന അധ്യയന വര്‍ഷം കോന്നിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തില്‍ പഠനം ആരംഭിക്കാന്‍ കഴിയുമെന്ന് അന്റോ ആന്റണി എംപി പറഞ്ഞു. കോന്നിയില്‍ നിര്‍മാണം നടക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരോടൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംപി. കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സൗകര്യമുള്ള അധുനിക കേന്ദ്രീയ വിദ്യാലയമാണ് കോന്നിയില്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നത്. ഇന്‍ഡോര്‍ കോര്‍ട്ട്, മള്‍ട്ടി പര്‍പ്പസ് ഹാള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവ സഹിതമാണ് പുതിയ കേന്ദ്രീയ വിദ്യാലയത്തിന്റെ സ്‌കൂള്‍ കെട്ടിട നിര്‍മാണമെന്നും എംപി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനത്തില്‍ മികച്ച പുരോഗതിയുണ്ട്. പത്തനംതിട്ട ജില്ലയ്ക്കും, കോന്നിക്കും മുതല്‍ക്കൂട്ടായി കേന്ദ്രീയ വിദ്യാലയം മാറുമെന്നും കളക്ടര്‍ പറഞ്ഞു.
കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായര്‍, വൈസ് പ്രസിഡന്റ് റോജി എബ്രഹാം, അംഗങ്ങളായ പി.വി. ജോസഫ്, ശോഭാ മുരളി, സിന്ധു സന്തോഷ്, കേന്ദ്രീയ വിദ്യാലയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അലക്‌സ് ജോസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles