കോട്ടയം: സംക്രാന്തിയിലെ ഗതാഗത പരിഷ്‌കരണത്തിൽ പ്രതിഷേധിച്ച് പേരൂർ റൂട്ടിലെ ബസ് സർവീസ് നിർത്തി വയ്ക്കാൻ സ്വകാര്യ ബസ് ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും തീരുമാനം. സംക്രാന്തി ജംഗ്ഷനിലെ ട്രാഫിക് പരിഷ്‌കാരത്തിന് എതിരെയാണ് ഇപ്പോൾ ബസ് സർവീസ് നിർത്തി വച്ച് പ്രതിഷേധിക്കുന്നത്. ഏറ്റുമാനൂരിൽ നിന്നും പേരൂർ, പൂവത്തുംമൂട്, സംക്രന്തി വഴി കോട്ടയം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സംക്രാന്തി ജംഗ്ഷന് 25 മീറ്റർ തൊട്ടു മുൻപ് ഗതാഗതം വഴി തിരിച്ച് വിടുന്നതോടെ അഞ്ചു കിലോമീറ്റർ ദൂരം ചുറ്റിക്കറങ്ങി പോകണമെന്നതാണ് ബസ് ജീവനക്കാരുടെ വാദം. ഇത്തരത്തിൽ വഴി തിരിച്ച് വിടുന്നത് മൂലം ഈ ബസുകൾ ചെറുപുഷ്പം തെള്ളകം വഴിയാണ് കടത്തി വിടുന്നത്. ഇത് മൂലം ജോലിക്കാർക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും അടക്കം കൃത്യസമയത്ത് ജോലിയ്ക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. ഇത് മൂലം യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കവും പതിവാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ പേരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഞ്ചു ബസുകൾക്കും പത്തു മിനിറ്റാണ് സമയം നഷ്ടമാകുന്നത്. ഇത് മൂലം എം.സി റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുമായി തർക്കവും വഴക്കും പതിവാണ്. ഇത്തരത്തിൽ റൂട്ട് തിരിച്ച് വിട്ടത് മൂലം മത്സരയോട്ടവും പതിവാണ്. ഈ സാഹചര്യത്തിലാണ് ബസ് സർവീസിന് എർപ്പെടുത്തിയ ഗതാഗത പരിഷ്‌കാരത്തെ അംഗീകരിക്കാനാവാത്തതെന്നും ബസ് ഉടമകളും ജീവനക്കാരും പറയുന്നു. ഈ ട്രാഫിക് പരിഷ്‌കാരം യാതൊരു വിധത്തിലും മുന്നോട്ട് കൊണ്ടു പോകാനാവാത്തതിനാലാണ് ഇപ്പോൾ സർവീസ് നിർത്തി വച്ച് പ്രതിഷേധിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.